രണ്ടര കോടിയുടെ ബി.എസ്.എന്‍.എല്‍ ബില്‍ കേസ്: ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനുമായി മധ്യസ്ഥതക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

ജസ്റ്റിസ് ശെന്തില്‍കുമാര്‍ രാമമൂര്‍ത്തിയൂടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുതിയ ഉത്തരവിട്ടത്

Update: 2022-08-16 09:07 GMT
Editor : ijas
Advertising

രണ്ടര കോടിയിലധികം രൂപയുടെ ടെലിഫോൺ ബിൽ കുടിശ്ശിക അടക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ യോഗാചാര്യൻ ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനുമായി ബി.എസ്.എൻ.എല്ലിന് മധ്യസ്ഥതക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ശെന്തില്‍കുമാര്‍ രാമമൂര്‍ത്തിയൂടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുതിയ ഉത്തരവിട്ടത്. തെളിവുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെയും വിദഗ്ധ കമ്മിറ്റിയുമായി ആലോചിക്കാതെയുമുള്ള ആര്‍ബിട്രേറ്ററുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

2018 ഡിസംബർ ഒന്നിനും 31നും ഇടക്കുള്ള കാലയളവിലെ 20,18,198 രൂപയുടെയും 2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി ഒന്നു വരെയുള്ള കാലയളവിലെ 2,30,29,264 രൂപയുടെയും ബി.എസ്.എന്‍.എല്‍ ബില്ലുകള്‍ അടക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടല്‍. എന്നാല്‍ കണക്ഷനില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതില്‍ ബി.എസ്.എന്‍.എല്ലിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ വാദിച്ചു. എന്നാല്‍ തങ്ങളുടെ പരിശോധനയില്‍ ഒരു സാങ്കേതിക പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കണക്ഷനുമായി പ്രശ്നത്തില്‍ പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ചിനെ ബന്ധപ്പെടാനും ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും ഇഷ ഫൗണ്ടേഷൻ ബില്ലുകള്‍ അടക്കാതായേതാടെ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷൻ സന്ദര്‍ശിക്കുകയും ഉപകരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ നെറ്റ് കണക്ഷന്‍ വിപുലീകരിച്ചതായും വി.ഒ.ഇ.പി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതായും കണ്ടെത്തി.

ഇതിനിടയില്‍ ഇഷ ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ആർബിട്രേറ്ററായി നിയമിച്ച ജസ്റ്റിസ് ഇ. പത്മനാഭൻ രണ്ട് ബില്ലുകളും റദ്ദാക്കി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ബി.എസ്.എൻ.എൽ നൽകിയ അപ്പീൽ ഹരജിയിന്മേല്‍ ആർബിട്രേറ്ററുടെ തീരുമാനം ഹൈകോടതി റദ്ദാക്കുകയായിരുന്നു. സ്വകാര്യ എക്‌സ്‌ചേഞ്ച് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇത്രയും വലിയ കാളുകൾ ചെയ്യാൻ സാധ്യതയില്ലെന്നുമാണ് ഈഷ ഫൗണ്ടേഷൻ വാദിച്ചത്.

ഇഷ ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ചിൽ കാളുകൾ വിളിക്കുകയും ബില്ലുകൾ കൈപ്പറ്റുകയും ചെയ്‌തതിനുശേഷം കാളുകൾ ചെയ്തില്ലെന്ന കാരണം പറഞ്ഞ് ബാധ്യത നിഷേധിക്കാനാവില്ലെന്ന് ബി.എസ്‌.എൻ.എൽ വാദിച്ചു. നിരവധി ആധികാരികമായ സാങ്കേതിക-ഡിജിറ്റൽ തെളിവുകൾ ആർബിട്രേറ്റർ കണക്കിലെടുത്തില്ലെന്നും പകരം ജഗ്ഗി വാസുദേവിന്‍റെ പ്രസ്താവനയിൽ വിശ്വാസമർപ്പിച്ച് യുക്തിരഹിതവും ഏകപക്ഷീയവുമായ കാരണങ്ങൾ പറഞ്ഞ് ബില്ലുകൾ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്നും ബി.എസ്.എൻ.എൽ കോടതിയെ അറിയിച്ചു. 25 ദിവസത്തിന് രണ്ടര കോടിയുടെ ബില്ല് വന്നത് ബി.എസ്.എൻ.എല്ലിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നാണ് ഇഷ ഫൗണ്ടേഷന്‍ മറുപടി നല്‍കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News