മുഴുവൻ സർക്കാർ ലോ കോളജുകളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി

തേനി ഗവൺമെന്റ് ലോ കോളജിലെ നാലാം വർഷ നിയമവിദ്യാർഥി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുണ്ടായത്.

Update: 2022-08-18 12:37 GMT
Advertising

മധുര: തമിഴ്‌നാട്ടിലെ മുഴുവൻ സർക്കാർ ലോ കോളജുകളിലും ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കുന്നത് നിർബന്ധമാക്കി മുഴുവൻ ലോ കോളജുകൾക്കും സർക്കുലർ അയക്കണമെന്ന് നിയമ പഠനവകുപ്പ് ഡയറക്ടറോട് കോടതി അഭ്യർഥിച്ചു.

''ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയാണ് ബി.ആർ അംബേദ്കർ. സാമൂഹ്യവിമോചനത്തിന്റെ പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാണ്ഡിത്യം സമാനതകളില്ലാത്തതാണ്. ഓരോ നിയമവിദ്യാർഥിക്കും അദ്ദേഹം വലിയ പ്രചോദനമായിരിക്കും''- ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു.

തേനി ഗവൺമെന്റ് ലോ കോളജിലെ നാലാം വർഷ നിയമവിദ്യാർഥി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുണ്ടായത്. തന്നെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തതിനെതിരെയാണ് എസ്‌സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥി കോടതിയെ സമീപിച്ചത്.

പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം, അധ്യയനം തമിഴിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥി ഉന്നയിച്ചത്. ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറി, പ്രിൻസിപ്പലിനോട് മര്യാദയില്ലാത്ത ഭാഷയിൽ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ തന്റെ പേരിൽ ആരോപിക്കപ്പെട്ടതെല്ലാം കളവാണെന്നാണ് സ്വയം കേസ് വാദിച്ച വിദ്യാർഥി കോടതിയിൽ പറഞ്ഞത്.

പ്രിൻസിപ്പലിന്റെ മുറിയിൽ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ അഭിഭാഷകനോട് നിർദേശിച്ച കോടതി പ്രിൻസിപ്പലിനോട് മാപ്പ് പറയാൻ വിദ്യാർഥി തയ്യാറായാൽ തിരിച്ചെടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ ഛായാചിത്രം സ്ഥാപിച്ചതോടെ പ്രിൻസിപ്പലിനോട് വിദ്യാർഥി പ്രിൻസിപ്പലിനോട് നിരുപാധികമായി മാപ്പ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News