മധുരയിൽ സഹ വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങളടക്കം പകർത്തി ആൺസുഹൃത്തിന് അയച്ചുകൊടുത്തു; 23കാരി അറസ്റ്റിൽ

വിദ്യാർഥിനി നാട്ടിലായിരിക്കെയാണ് 30കാരനായ ഡോക്ടറുമായി അടുപ്പത്തിലായത്. പിന്നീട് മധുരയിലേക്ക് വന്നപ്പോഴും ഈ ബന്ധം തുടർന്നു.

Update: 2022-09-26 14:04 GMT
Advertising

മധുര: സഹ വിദ്യാർഥിനികൾ കുളിക്കുന്നതുൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ആൺസുഹൃത്തിന് അയച്ചു കൊടുത്ത വിദ്യാർഥിനി അറസ്റ്റിൽ. മധുരയിലെ വർക്കിങ് വുമൺ- പി.ജി ഹോസ്റ്റലിലെ താമസക്കാരിയും രാമനാഥപുരം സ്വദേശിനിയുമായ 23കാരിയാണ് അറസ്റ്റിലായത്. വിദ്യാർഥിനിക്കൊപ്പം 30കാരനായ ആൺസുഹൃത്തും അറസ്റ്റിലായി.

2021ൽ ബി.എഡ് കോഴ്സ് ചെയ്യാനായി മധുരയിലേക്ക് വന്ന 23കാരി പഠനം പൂർത്തിയായ ശേഷവും ആറു മാസമായി ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു. യുവതി നാട്ടിലായിരിക്കെയാണ് 30കാരനായ ഡോക്ടറുമായി അടുപ്പത്തിലായത്. പിന്നീട് മധുരയിലേക്ക് വന്നപ്പോഴും ഈ ബന്ധം തുടർന്നു.

ഇതിനിടെ, ഒരിക്കൽ യുവതി ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന വിദ്യാർഥിനി ഇയാളുടെ കണ്ണിൽപ്പെട്ടു. ഇതോടെ, ആ പെൺകുട്ടിയെ ക്യാമറയിൽ കാണിക്കാൻ ഇയാൾ ആവശ്യപ്പെടുകയും ആൺസുഹൃത്തിന്റെ ആവശ്യ പ്രകാരം 23കാരി തന്റെ ഹോസ്റ്റൽമേറ്റിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തുകയുമായിരുന്നു.

പെൺകുട്ടി വസ്ത്രം മാറുന്നതിന്റേയും കുളിക്കുന്നതിന്റേയും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രതിയായ യുവതി ആൺ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ അയച്ചുകൊടുത്തത്. ഒരിക്കൽ, യുവതിയുടെ ഈ പ്രവൃത്തി മറ്റൊരു പെൺകുട്ടി കാണാനിടയായി. ഉടൻതന്നെ ഹോസ്റ്റൽമേറ്റുകളായ മറ്റ് പെൺകുട്ടികളേയും കൂട്ടി 23കാരിയുടെ ഫോൺ പരിശോധിച്ചു.

അതിൽ ആൺ സുഹൃത്തുമൊത്തുള്ള നിരവധി സ്വകാര്യ ഫോട്ടോകളും വീഡിയോകൾക്കും പുറമെ വിവിധ സഹ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങളും കണ്ടെത്തി. ഇതോടെ ഇവർ ഹോസ്റ്റൽ വാർഡനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് വി​ദ്യാർഥിനികൾ പരാതി നൽകുകയും ചെയ്തതായി സൈബർ വിങ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

സെപ്തംബർ 22നാണ് വിഷയത്തിൽ പരാതി ലഭിക്കുന്നത്. ഉടൻ തന്നെ അന്വേഷണം നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോകളും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇവ വീണ്ടെടുക്കാനായി ഫോൺ ലബോറട്ടറിയിലേക്ക് അയച്ചതായും തുടർന്ന് 23കാരിയേയും തൊട്ടടുത്ത ദിവസം യുവാവിനേയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ന​ഗ്ന വീഡിയോകളും ചിത്രങ്ങളും ഇവർ മറ്റുള്ളവർക്ക് അയച്ചുകൊടുത്തിട്ടുണ്ടോ എന്നും പോൺ സൈറ്റുകളിൽ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇവർക്കെതിരെ ഐപിസിയിലേയും ഐടി ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News