മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു; ഗവർണർ ഉടൻ തീരുമാനമെടുക്കും

39 എംഎൽ എമാരുടെ പിന്തുണ മഹാവികാസ് അഘാഡി സർക്കാരിന് നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു

Update: 2022-06-29 00:51 GMT
Advertising

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു. ബിജെപിയും സ്വതന്ത്ര എംഎൽ എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെ ഗവർണർ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഈ ആഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പുണ്ടാകാനാണ് സാധ്യത. ഗവർണർ അവിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചാൽ മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും.

ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുംബൈയിൽ തിരിച്ചെത്തി ഫഡ്നാവിസ് ഗവർണറെ കണ്ടത്. 39 എംഎൽ എമാരുടെ പിന്തുണ മഹാവികാസ് അഘാഡി സർക്കാരിന് നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് ഫഡ്നാവിസ് രാജ്ഭവനിലെത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

വിമത എംഎൽഎമാർ വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിയേക്കും എന്നാണ് വിവരം. സഭ വിളിച്ചു ചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിൻ്റെ തീരുമാനം.വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെടും. അതേസമയം ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് മുംബൈയിൽ ചേരും. എംഎൽഎമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക മന്ത്രിസഭായോഗവും ചേരും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News