പത്താം ക്ലാസുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 304, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു
മുംബൈ: പത്താം ക്ലാസുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം. പിതാവിന്റെ കാറെടുത്താണ് വിദ്യാർഥി കാറുമായി കറങ്ങാൻപോയത്. കനത്ത മഴയിൽ കാറിന്റെ നിയന്ത്രണം വിടുകയും തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ദഹാനു മുനിസിപ്പൽ കൗൺസിലിലെ ഭരത് റൗട്ട് (55), വങ്കേഷ് സോപ്പ് (38) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിൽ 16 കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നും ദഹാനു പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8.30 ഓടെ ദഹാനു-ബോർഡി സംസ്ഥാന പാതയിൽ പർണാകയിൽ എത്തിയപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടർന്ന് മരിച്ച രണ്ടുപേരും ഇരുവരും ഹോട്ടലിന് സമീപം കയറി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേക്കാണ് കാർ പാഞ്ഞ് കയറിയത്. ശേഷം ഹോട്ടലിന്റെ മതിലിൽ കാർ ഇടിച്ചു നിന്നു. നാട്ടുകാരാണ് ഇരുവരെയും ദഹാനുവിലെ കോട്ടേജ് ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയെ പൊലീസിന് കൈമാറി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 304, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി പിഐ നാംദേവ് ബന്ദ്ഗർ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്, അയാളെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം, മാസങ്ങളായി താൻ കാർ ഓടിക്കുന്നുണ്ടെന്നാണ് കൗമാരക്കാരൻ പൊലീസിനോട് പറഞ്ഞത്.