'ശരിയാണ് സർ, നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല'; കേന്ദ്രത്തെ ട്രോളി മഹുവ മൊയ്ത്ര

"നെഹ്റു സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല"

Update: 2022-05-11 08:32 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന കേന്ദ്രസർക്കാർ അവകാശവാദത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനതയ്ക്ക് മേൽ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് നെഹ്‌റുവിന് ചെയ്യാനാകാത്ത കാര്യങ്ങളാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് അവകാശപ്പെട്ടത്.

'ശരിയാണ് സർ, നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല. സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല. വിയോജിച്ചവരെ തുറുങ്കിലടച്ചിട്ടില്ല. പട്ടിക നീണ്ടതാണ്' - മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. 



രാജ്യദ്രോഹ നിയമം റദ്ദാക്കിയ സുപ്രിം കോടതി വിധി ചരിത്രപരമാണ് എന്നും അവർ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിലെ മഹത്തായ ദിനമാണിന്ന്. രാജ്യദ്രോഹ നിയമം സ്‌റ്റേ ചെയ്യപ്പെട്ടിരിക്കുന്നു. സുപ്രിം കോടതിക്ക് അഭിനന്ദനങ്ങൾ- അവർ കുറിച്ചു. 

രാജ്യദ്രോഹ നിയമം നിന്ദ്യമാണ് എന്നും ഒരുഘട്ടം പിന്നിടുമ്പോൾ ഇത് ഒഴിവാക്കേണ്ടി വരുമെന്ന് നെഹ്‌റു പറഞ്ഞതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് 'പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാൻ കഴിയാത്തതാണ് നിലവിലെ ഗവൺമെന്റ് ചെയ്യുന്നത്' എന്ന് തുഷാർ മേത്ത വാദിച്ചത്.

152 വർഷം നീണ്ട രാജ്യദ്രോഹ നിയമം (124എ) മരവിപ്പിച്ചതോടൊപ്പം ശിക്ഷാ നിയമത്തിലെ ഈ വകുപ്പ് ഉപയോഗിച്ച് കേസെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. നിയമപ്രകാരം വിചാരണ നേരിടുന്നവർക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവർ അംഗങ്ങളുമായ ബഞ്ച് ഇടക്കാല ഉത്തരവിൽ അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ വാദങ്ങൾ തള്ളിയായിരുന്നു സുപ്രിം കോടതി ഉത്തരവ്. നിയമം മാറ്റേണ്ട കാര്യമില്ലെന്നും ദുരുപയോഗം തടയാൻ മാർഗരേഖ കൊണ്ടുവന്നാൽ മതിയെന്നുമായിരുന്നു സർക്കാറിന്റെ ആദ്യ വാദം. എന്നാൽ നിയമം പുനഃപരിശോധിക്കാമെന്ന് സർക്കാർ പിന്നീട് കോടതിയെ അറിയിക്കുകയായിരുന്നു.

എന്താണ് 124എ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870 ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 120എ. പൊതു സമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റു ആവിഷ്‌കാരങ്ങൾ എന്നിവയാണ് രാജ്യദ്രോഹമാകുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

അക്രമത്തിന് പ്രേരണ നൽകുമ്പോൾ മാത്രമാണ് 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താനാകുക എന്ന് 1962ലെ കേദാർനാഥ് കേസിൽ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നെങ്കിലും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News