വൈറ്റ് ആന്റ് വൈറ്റ്, കൂളിങ് ഗ്ലാസ്; പാർലമെന്റിൽ മഹുവ മൊയ്ത്രയുടെ മാസ് റീ എൻട്രി
56,705 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി അമൃത റോയിയെ തോൽപ്പിച്ചാണ് മഹുവ വീണ്ടും സഭയിലെത്തിയത്.
ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര പാർലമെന്റിന്റെ പുതിയ തിരിച്ചറിയല്‍ രേഖ കൈപറ്റി. പാർലമെന്റ് സമുച്ചയത്തിലെത്തിയാണ് കൃഷ്ണനഗർ എംപി ഐഡി കാർഡ് സ്വീകരിച്ചത്. വെള്ള പാന്റും ഷർട്ടുമണിഞ്ഞ്, കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ മഹുവ മാധ്യമങ്ങളുടെ അഭ്യർത്ഥന പ്രകാരം ഫോട്ടോക്ക് പോസ് ചെയ്തു. ഐഡി കാർഡ് ഉയർത്തിക്കാട്ടിയാണ് മഹുവ സന്തോഷം പങ്കിട്ടത്.
വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ പക്കൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് വെബ്‌സൈറ്റിന്റെ യൂസർ ഐഡിയും പാസ്‌വേഡും പങ്കുവയ്ക്കുകയും ചെയ്തതിനാണ് മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയത്. ഹിരാനന്ദാനിയുടെ നിർദേശ പ്രകാരം അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ മഹുവ സഭയിൽ ചോദ്യം ചോദിച്ചു എന്നായിരുന്നു ആരോപണം. പാർലമെന്ററി എത്തിക്‌സ് സമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മഹുവയെ പുറത്താക്കിയത്.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നാണ് മഹുവ വീണ്ടും സഭയിലെത്തിയത്. പ്രചാരണ വേളയിൽ ഇവരുടെ കൊൽക്കത്തയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 56,705 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി അമൃത റോയിയെ ഇവര്‍ തോല്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ മഹുവയ്ക്കെതിരെ പ്രചാരണത്തിനെത്തിയിരുന്നുവെങ്കിലും വോട്ടർമാർ തൃണമൂല്‍ നേതാവിനെ കൈവിട്ടില്ല.
കഴിഞ്ഞ ലോക്‌സഭയിൽ ബിജെപിയെ വിറപ്പിച്ച തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ രാജ്യശ്രദ്ധ നേടിയത്. ബിജെപിക്ക് കീഴിൽ രാജ്യം ഫാഷിസത്തിലേക്ക് നീങ്ങുകയാണ് എന്ന അവരുടെ പ്രസംഗമാണ് ആദ്യമായി ശ്രദ്ധപിടിച്ചു പറ്റിയത്. 2019 ജൂൺ 26നായിരുന്നു പ്രസംഗം. അതിനു ശേഷം മോദി സർക്കാറിനെതിരെ നിരന്തര വിമർശനം നടത്തിയവരുടെ മുൻനിരയിൽ മഹുവയുണ്ടായിരുന്നു.