കോഴ ആരോപണം; നിഷികാന്ത് ദുബെക്കെതിരെ മഹുവ മൊയ്ത്ര നൽകിയ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്

Update: 2023-10-20 01:51 GMT
Editor : Jaisy Thomas | By : Web Desk

മഹുവ മൊയ്ത്ര

Advertising

ഡല്‍ഹി: പാർലമെൻ്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് ഇന്ന് കോടതി പരിഗണിക്കും. ഡൽഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന സത്യവാങ്മൂലം ആരോപണ വിധേയനായ വ്യവസായി ദർശൻ ഹിരണാനന്ദി സമർപ്പിച്ചെന്ന് ബി.ജെ.പി അവകാശപ്പെട്ടു.

ഹിരണാനന്ദി ഗ്രൂപ്പിന്‍റെ തലവനായ ദർശൻ ഹിരണാനന്ദി സമർപ്പിച്ച സത്യവാങ്മൂലമെന്ന തലക്കെട്ടിൽ ആണ് ഈ രേഖകൾ സമൂഹ മാധ്യമങ്ങളിലെ ബിജെപി അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ ഈ സത്യവാങ്മൂലത്തിൽ ശരി വെക്കുന്നുണ്ട്. പാർലമെൻ്റിലെ തൃണമൂൽ കോൺഗ്രസ് എം,പി മഹുവ മൊയ്ത്ര തൻ്റെ ഔദ്യോഗിക ലോഗിൻ വിവരങ്ങൾ കൈമാറി എന്ന് ദർശൻ സമ്മതിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രതിഫലം പറ്റിയ മഹുവ മൊയ്ത്രക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ ചില മാധ്യമ പ്രവർത്തകർ, അദാനി ഗ്രൂപ്പിലെ മുൻ ജീവനക്കാർ തുടങ്ങി പലരും സഹായിച്ചു എന്നും ഈ രേഖകളിൽ പറയുന്നുണ്ട്.

പാർലമെൻ്റിലും പുറത്തും ഏറ്റുമുട്ടുന്ന നിഷികാന്ത് ദുബെക്ക് എതിരെ മഹുവ മൊയ്ത്ര നൽകിയ മാനനഷ്ട കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെ ദർശൻ ഹിരണാനന്ദിയുടെ സത്യവാങ്മൂലം ആയുധമാക്കുകയാണ് ബിജെപി. തൻ്റെ മുൻ പങ്കാളി ജയ്ആനന്ദ് ദെഹ്ഹ് റായിയും ബി ജെ പിയും തമ്മിലുള്ള ഒത്തുകളിയാണ് വ്യാജപ്രചരണത്തിന് പിന്നിലെന്ന് മഹുവ മൊയ്ത്ര അവകാശപ്പെട്ടിട്ടുണ്ട്. പാർലമെന്‍റ് സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ നിഷികാന്ത് ദുബെ സമർപ്പിച്ച പരാതിയുടെ പകർപ്പ് കേന്ദ്ര ഐടി മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News