മോദിയെ ചോദ്യമുനയില്‍ നിര്‍ത്തിപ്പൊരിച്ച ഫയർബ്രാൻഡ് എം.പി; മഹുവ പാർലമെന്റിനു പുറത്താകുമ്പോൾ

അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായി ജനിച്ച്, ദേശീയരാഷ്ട്രീയത്തിലെ തീപ്പൊരി മുഖമായി മാറുന്ന വരെയുള്ള മഹുവയുടെ യാത്ര കൗതുകങ്ങള്‍ നിറഞ്ഞതാണ്

Update: 2023-12-08 13:22 GMT
Editor : Shaheer | By : Web Desk

മഹുവ മൊയ്ത്ര

Advertising

ന്യൂഡൽഹി: 2019ൽ ബംഗാളിലെ കൃഷ്ണനഗറിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിലെത്തിയ മഹുവ മൊയ്ത്ര വരവറിയിച്ചത് ഒരു തീപ്പൊരി പ്രസംഗത്തിലൂടെയായിരുന്നു. അതും നരേന്ദ്ര മോദിക്കും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ. ബി.ജെ.പിക്കു കീഴിൽ രാജ്യം ഫാസിസത്തിലേക്കാണു പോകുന്നതെന്നായിരുന്നു പ്രസംഗത്തിൽ മഹുവ ഉയർത്തിയ പ്രധാന വാദം.

പ്രസംഗം സഭയ്ക്കകത്ത് ബഹളത്തിലേക്കു നയിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായി. മാധ്യമങ്ങളും ഏറ്റുപിടിച്ചു. അന്ന് പാർലമെന്റിൽ തുടങ്ങിയ വീറും വീര്യവും ഇന്ന് ആ പടിയിറങ്ങുമ്പോഴും മഹുവയുടെ വാക്കിലും നോക്കിലുമുണ്ട്. അന്ന് മോദിക്കും ബി.ജെ.പി സർക്കാരിന്റെ ഫാസിസ്റ്റ്-കോർപറേറ്റ് പ്രവണതയ്ക്കുമെതിരെ ആരംഭിച്ച പോരാട്ടമാണ് മഹുവയെ ഇന്നിപ്പോഴുള്ള സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.

മഹുവ ദേശീയശ്രദ്ധ നേടിയ തീപ്പൊരി നേതാവായി. തൃണമൂൽ കോൺഗ്രസിന്റെ 'ഫയർബ്രാൻഡ്' മുഖമായി മാറി. പാർലമെന്റിൽ ഭരണകക്ഷിയെ, മോദി ഭരണകൂടത്തെ ചോദ്യമുനയിൽ നിർത്തുന്ന അപൂർവം പാർലമെന്റേറിയന്മാരിൽ ശ്രദ്ധിക്കപ്പെട്ടു. മോദി-അദാനി അവിശുദ്ധ ബാന്ധവങ്ങളെക്കുറിച്ചുള്ള ചോദ്യശരങ്ങൾ കേന്ദ്രത്തെ എത്രമാത്രം പ്രകോപിപ്പിച്ചിരുന്നുവെന്നാണ് എം.പി സ്ഥാനം ഉൾപ്പെടെ നഷ്ടപ്പെട്ട പുതിയ നീക്കങ്ങൾ തെളിയിക്കുന്നത്.

ജെ.പി മോർഗനിൽനിന്ന് ജനപ്രതിനിധിയിലേക്ക്

അസമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മകളായാണ് മഹുവയുടെ ജനനം. കൊൽക്കത്തയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കാലത്തു തന്നെ പഠനത്തിൽ മികവ് തെളിയിച്ചു. മസാച്യൂസെറ്റ്‌സിലെ മൗണ്ട് ഹോളിയോകെ കോളജിൽ ഗണിതശാസ്ത്രത്തിൽ ബിരുദ പഠനം നടത്താൻ സ്‌കോളർഷിപ്പ് സ്വന്തമാക്കി. അവിടെ പഠനത്തിനുശേഷം ന്യൂയോർക്കിലും ലണ്ടനിലും വൻ ശമ്പളത്തിൽ ജെ.പി മോർഗനിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലിയും ചെയ്തു.

ജെ.പി മോർഗനിൽ വൈസ് പ്രസിഡന്റായിരിക്കെയാണ് മഹുവ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചെത്തുന്നത്. രാഷ്ട്രീയത്തിൽ ഭാവി തിരഞ്ഞൊയിരുന്നു ആ വരവ്. രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തിലൂടെ കോൺഗ്രസിലായിരുന്നു രാഷ്ട്രീയ കരിയറിനു തുടക്കമിട്ടത്. യൂത്ത് കോൺഗ്രസ് അംഗമായി. ബംഗാളിൽ കോൺഗ്രസ് നടത്തിയ 'ആം ആദ്മി കാ സിപാഹി' പരിപാടിയുടെ ചുമതല രാഹുൽ ഏൽപിച്ചത് മഹുവയെയായിരുന്നു. അവരുടെ മികവിലും കഴിവിലും അത്രയും വിശ്വാസമായിരുന്നു രാഹുലിന്.

എന്നാൽ, 2010ൽ തൃണമൂൽ കോൺഗ്രസിലേക്കു കൂടുമാറി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ സി.പി.എം ഭരണം അവസാനിപ്പിച്ച് മമത ബാനർജി ചരിത്രവിജയം നേടുന്നതിനു തൊട്ടുമുൻപായിരുന്നു കൂടുമാറ്റം. മഹുവയുടെ പ്രതിഭയും പ്രകടനവും പാർട്ടി നേതൃത്വത്തിനു ശരിക്കും ബോധിച്ചതുകൊണ്ടാകണം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നദിയ ജില്ലയിലെ കരീംപൂർ അവരെ മത്സരിപ്പിച്ചു. മികച്ച ഭൂരിപക്ഷത്തിന് ബംഗാൾ നിയമസഭയിൽ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്കും അതുവഴി ദേശീയശ്രദ്ധയിലേക്കും നടന്നുകയറുകയായിരുന്നു മഹുവ മൊയ്ത്ര.

Summary: Mahua Moitra: The firebrand MP of Trinamool Congress

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News