എ.ടി.എം ചാർജ് വർധനമുതൽ ഗ്യാസ് സിലിണ്ടർ വിലമാറ്റം വരെ: അറിയാതെ പോകരുത് ഈ മാറ്റങ്ങൾ

സാധാരണക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ജനുവരി മുതൽ നടപ്പാക്കുന്നത്

Update: 2021-12-30 10:08 GMT
Editor : Lissy P | By : Web Desk
Advertising

പുതുവർഷം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ മുന്നിലൊള്ളൂ. 2022 മുതൽ സാധാരണക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് വരുന്നത്. എ.ടി.എം ഇടപാടുകളിലും ലോക്കർ സംവിധാനങ്ങളിലും ജി.എസ്.ടിയിലും പാചകവാതകസിലിണ്ടർ വിലയിലുമെല്ലാം വലിയ മാറ്റങ്ങളാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നത്. 

1. എടിഎം ഇടപാടുകൾക്ക് അധികചാർജ്

സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാൽ ഉപഭോക്താക്കൾ ജനുവരി ഒന്നുമുതൽ ഓരോ എടിഎം പിൻവലിക്കലിനും അധിക തുക നൽകേണ്ടി വരും.സ്വന്തം ബാങ്ക് എടിഎമ്മുകൾ നിന്ന് പ്രതിമാസം അഞ്ചു ഇടപാടുകളാണ് സൗജന്യം. മെട്രോ നഗരങ്ങളിൽ ഇത് മൂന്ന് ഇടപാടുകളാണ്. ഈ സൗജന്യ ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടുകൾക്കും 20 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇനിമുതൽ 21 രൂപ നൽകേണ്ടിവരും. പ്രതിമാസ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

2. പാചകവാതക സിലിണ്ടർ വിലയിലും മാറ്റം

ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പുതുവർഷത്തിൽ പാചകവാതക സിലിണ്ടറുകളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. ഇതേ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 



3. ജി.എസ്.ടി നിരക്ക് കൂടും

വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അടുത്ത വർഷം മുതൽ ജി.എസ്.ടിയായി കൂടുതൽ പണം നൽകണം. വസ്ത്രങ്ങൾ,പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 12 ആയി ഉയർത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇകൊമേഴ്‌സ് ഫ്‌ളാറ്റ്‌ഫോമിലെ സേവനങ്ങൾക്ക് ഒന്നുമുതൽ അഞ്ചുശതമാനം വരെ നിരക്കിൽ ജി.എസ്.ടി നൽകേണ്ടി വരും. കൂടാതെ ഓരോ മാസവും ജി.എസ്.ടി സമ്മറി ഫയൽചെയ്തിട്ടില്ലെങ്കിൽ GSTR-1 സെയിൽസ് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്.



4. നിരക്കുകൾ പുതുക്കി ഐപിപിബി ബാങ്ക്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇടപാടുകൾക്കുള്ള നിരക്കുകൾക്ക് അടുത്തവർഷം മുതൽ മാറ്റം വരും. അക്കൗണ്ടിൽ 10,000 രൂപ വരെയുള്ള പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും തുക ഈടാക്കും. സേവിങ്ങ് അക്കൗണ്ടിന് പ്രതിമാസം നാല് ഇടപാടുകൾ വരെ സൗജന്യമായി ലഭിക്കും. പിന്നീടുള്ള പണം പിൻവലിക്കലിന് 0.5 ശതമാനം ഈടാക്കും. അതേസമയം പണം നിക്ഷേപിക്കലുകൾക്ക് ഫീസില്ല. തപാൽവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ പോസ്റ്റിന്റെ അനുബന്ധ സ്ഥാപനമാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്.



5. ആദായനികുതി പിഴ പകുതിയാക്കി

2022 ജനുവരി ഒന്നിന് ശേഷം ആദായനികുതി അടക്കാൻ വൈകിയാലുള്ള പിഴ പകുതിയായി കുറച്ചു. 5000 രൂപയാണ് ഇനിമുതൽ പിഴയായി നൽകേണ്ടത്. ഈ വർഷം വരെ ഇത് 10,000 രൂപയായിരുന്നു.

2019 -20 സാമ്പത്തിക വർഷത്തേക്കുള്ള ഐ.ടി.ആർ ഇ വെരിഫൈ ചെയ്യാത്ത നികുതിദായകർക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 28 നകം വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ മതി.



6. ലോക്കറുകളുടെ ഉത്തരവാദിത്വം ബാങ്കുകൾക്ക്

മോഷണം മൂലമോ ജീവനക്കാരുടെ വഞ്ചന മൂലമോ ലോക്കറിലുള്ള വിലപിടുപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ അതിന്റെ ബാധ്യത ബാങ്കുകൾ നൽകേണ്ടി വരും. ലോക്കറിന്റെ നിലവിലുള്ള വാർഷിക ബാധ്യതയുടെ 100 മടങ്ങ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകേണ്ടി വരും. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്റ്റിൽ വിജ്ഞാപനം ഇറക്കിയിരുന്നു. ലോക്കർ ഇൻഷുർ ചെയ്യുന്നതിന് ബാങ്ക് ഉത്തരവാദിയല്ലെന്നും ഉപഭോക്താക്കൾ ശരിയായ രീതിയിൽ മുന്നറിയിപ്പും നൽകണം.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News