ട്വിറ്ററിലും തരംഗം തീർത്ത് നാട്ടു നാട്ടു, ഒപ്പം ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ പ്രവേശവും...| Twitter Trending

ഓസ്‌കറിലെ ഓരോ അവാർഡുകള്‍ക്കും സമൂഹമാധ്യമ ലോകം കയ്യടിച്ചു

Update: 2023-03-13 15:45 GMT
Editor : rishad | By : Web Desk

നാട്ടുനാട്ടു ഗാനത്തിൽ നിന്നും- ഇന്ത്യൻ ക്രിക്കറ്റ് ടീം

Advertising

ന്യൂഡൽഹി: ഓസ്‌കർ പ്രഖ്യാപനങ്ങളും അതിലെ ചലനങ്ങളുമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഓസ്‌കറിലെ ഓരോ അവാർഡുകളും സമൂഹമാധ്യമ ലോകം കയ്യടികളോടെ ഏറ്റുവാങ്ങി. ഓസ്‌കറിൽ ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചത് ആഘോഷം ഇരട്ടിയാക്കി. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്‌പറേഴ്‌സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ ട്രെന്‍ഡിങ് വിഷയങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ....

ഓസ്കർ വേദിയിൽ ചരിത്രനേട്ടവുമായി എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ്(#Oscars)

ഓസ്കര്‍ പുരസ്കാരം ട്രെന്‍ഡിങ്  ടോപ് ചാര്‍ട്ടില്‍ ഇടം നേടിയപ്പോള്‍ അതിലെ എല്ലാ പുരസ്കാരങ്ങളും #Oscars എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ തന്നെ ചരിത്രനേട്ടമാണ് എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ്  എന്ന ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രമടക്കം ഏഴ് പുരസ്കാരങ്ങളാണ്ചിത്രം നേടിയത് . ബ്രെണ്ടൻ ഫ്രെയിസർ മികച്ച നടനായും മിഷേൽ യോ മികച്ച നടിയായും ചടങ്ങിൽ തിളങ്ങി. കഴിഞ്ഞ വർഷത്തെ ഡ്യൂൺ നേടിയ റെക്കോർഡാണ് ചിത്രം മറികടന്നത്. 

ഓസ്കറില്‍ മികച്ച ഗാനമായി കീരവാണി ഒരുക്കിയ നാട്ടു നാട്ടു, ഇന്ത്യക്ക് അഭിമാനം(#MMKeeravani)

പുറത്തിറങ്ങിയ നാള്‍ മുതല്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗാനമായിരുന്നു നാട്ടു നാട്ടു. ഓസ്കര്‍ നേടിയതോടെ ട്വിറ്ററിലും നിറഞ്ഞു. ഓസ്കർ വേദിയിലെ മിന്നും നേട്ടം , തെന്നിന്ത്യൻ സംഗീതത്തിന് ലോക വേദിയലുള്ള ആദരം കൂടിയായി കീരവാണിയൊരുക്കിയ ഗാനം.  രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമാണ് ഗാനം ആലപിച്ചത്. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. കീരവാണി അതിന് ആന്ധ്രയുടെ ഗോത്ര പാരമ്പര്യത്തിന്റെ താളം കൊടുത്തപ്പോള്‍ മുളകിനൊപ്പം ചോളം റൊട്ടി കഴിക്കുന്ന കുട്ടിക്കാല ഓര്‍മ കൂടി ചേര്‍ത്താണ് ചന്ദ്രബോസ് വരികള്‍ പൂര്‍ത്തിയാക്കിയത്. 

ഇന്ത്യയ്‌ക്ക് ചരിത്ര നിമിഷം ; 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം(#TheElephantWhisperers)

ഇന്ത്യയുടെ 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടതാണ് ട്വിറ്ററിനെ പിടിച്ചുകുലുക്കിയ വിഷയങ്ങളിലൊന്ന്. 'ഹൗലൗട്ട്', 'ദ മാർത്ത മിച്ചൽ എഫക്‌റ്റ്', 'സ്‌ട്രെയിഞ്ചർ അറ്റ് ദി ഗേറ്റ്', 'ഹൗ ഡു യു മെഷർ എ ഇയർ' എന്നീ നാല് ചിത്രങ്ങളോട്‌ മത്സരിച്ചാണ് 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌' അംഗീകാരം നേടിയത്. ഡോക്യുമെന്‍ററി വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. കാർത്തികി ഗോൺസാൽവസ് ആണ് സംവിധാനം.ഗുനീത് മോംഗ നിർമാണവും നിര്‍വഹിച്ചു. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു എന്ന ആനക്കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമാണ് 'ദ എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌'.

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, അതിലെ നാട്ടു നാട്ടു(#SSRajamouli)

എസ്.എസ്. രാജമൗലിയൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. നാട്ടു നാട്ടുവിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ രാജമൗലിയും ട്വിറ്ററില്‍ നിറഞ്ഞാടി.  അഞ്ചു ഭാഷകളിലായാണു ആർആർആർ പുറത്തിറങ്ങിയത്. നാട്ടു നാട്ടു ഗാനം റിലീസ് ചെയ്തു ഒരു ദിവസത്തിനുള്ളിൽ 17 ദശലക്ഷം പേരാണു വീക്ഷിച്ചത്. ഗാനരംഗത്തിലെ ഹുക്ക് സ്റ്റെപ്പുകളും വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ആ വിജയത്തിന്‍റെ തുടർച്ചയെന്നോണം ഓസ്കർ പുരസ്കാരവും. അതിലെ അമരക്കാരന് സമൂഹമാധ്യമങ്ങളുടെ ആദരവും.

ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ (#wtcfinal)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടിയതാണ് ട്വിറ്ററില്‍ സജീവമായത്.  ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ജയിച്ചതോടെയാണിത്. ഫൈനലില്‍ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ചാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ആസ്‌ട്രേലിയ നേരത്തേ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ ജയിച്ചതോടെയാണിത്. രണ്ട് വിക്കറ്റിനാണ് ശ്രീലങ്കക്കെതിരെ ന്യൂസിലാന്‍ഡ് ജയിച്ചത്. ആദ്യ ഇന്നിംഗ്‌സുകളില്‍ ശ്രീലങ്ക 355ഉം ന്യൂസിലാന്‍ഡ് 373ഉം റണ്‍സെടുത്തു. ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ് 302 റണ്‍സില്‍ ഒതുങ്ങി. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് കിവികള്‍ ജയിക്കുകയായിരുന്നു. 

ഇന്ത്യയുടെ  ടെസ്റ്റ് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ ന്യൂസിലാൻഡിന്റെ ജയം(#NZvsSL)

അവസാന ബോൾ വരെ ആവേശം നിറച്ചായിരുന്നു ശ്രീലങ്ക – ന്യൂസിലാൻഡ് ടെസ്റ്റിലെ ന്യൂസിലൻഡിന്റെ വിജയം. ജയത്തോടെ ഇന്ത്യയടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശം ഉറപ്പായി. ഇതോടൊണ്  #NZvsSL ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമായത്. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം മുൻ നായകൻ കെയ്ൻ വില്യംസണിന്‍റെ സെഞ്ചുറി കരുത്തില്‍ കിവികള്‍ മറികടക്കുകയായിരുന്നു. 

വിരസം... സമനില; ഓസീസ്, ഇനി ഫൈനലില്‍ കാണാം(#INDvAUS)

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഇന്ത്യ ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലായതണ് ട്വിറ്ററില്‍ സജീവമായത്. ഫലമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തിന്‍റെ ഫൈനല്‍ ഡേയില്‍ പിച്ചില്‍ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടാകുമോ എന്ന് മാത്രമായിരുന്നു അറിയേണ്ടത്. ഒന്നുമുണ്ടായില്ല. മൂന്നാം സെഷനില്‍ ഓസീസ് 84 റണ്‍സിന്‍റെ ലീഡ് നേടിയതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം; ഹരജികൾ ഭരണഘടനാ ബെഞ്ചിന് (#SameSexMarriage)

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികൾ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടതും ട്വിറ്ററില്‍ സജീവമായി. ഏപ്രിൽ 18ന് അന്തിമ വാദം കേൾക്കും. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്.




 


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News