മലയാള സിനിമക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളില്‍ മാമുക്കോയ എന്നും ഓർമിക്കപ്പെടും: രാഹുൽ ഗാന്ധി
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം
നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മലയാളത്തിലെ മുതിർന്ന നടൻ മാമുക്കോയയുടെ വിയോഗത്തിൽ ദുഖമുണ്ട്. ബഹുമുഖ പ്രതിഭയാണ് മാമുക്കോയ. മലയാള സിനിമക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളില്‍ അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും അദ്ദേഹത്തിന്റെ എല്ലാ ആരാധകരോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, നടൻ മാമുക്കോയയുടെ മൃതതേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. രാത്രി 10 വരെ ഇവിടെ പൊതുദർശനം തുടരും. നടനെ അവസാനമായി ഒരുനോക്കുകാണാൻ നിരവധിപേരാണ് ടൗൺ ഹാളിലേക്ക് എത്തുന്നത്. രാത്രി ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുമെന്നും നാളെ രാവിലെ പത്ത് മണിയോടെയാവും ഖബറടക്കമെന്നും കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്.മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.