കര്‍ണാടക മന്ത്രിസഭാ രൂപീകരണം: മലയാളികളായ കെ.ജെ ജോർജും യു.ടി ഖാദറും എൻ.എ ഹാരിസും പരിഗണനയില്‍
മുഖ്യമന്ത്രി പദത്തിൽ തീരുമാനമായാൽ ഉടൻ മന്ത്രിമാരെ പ്രഖ്യാപിക്കും.
ബംഗളൂരു: കർണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് വേഗം കൂടി. മലയാളികളായ കെ.ജെ ജോർജ് , യു.ടി ഖാദർ, എൻ.എ ഹാരിസ് എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. മുഖ്യമന്ത്രി പദത്തിൽ തീരുമാനമായാൽ ഉടൻ മന്ത്രിമാരെ പ്രഖ്യാപിക്കും.
മുതിർന്ന നേതാക്കൾക്ക് സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ തർക്കം ഇല്ലാതാക്കാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക് കയറി കൂറ്റൻ വിജയം നേടിയെത്തിയ ലക്ഷ്മൺ സവദി മന്ത്രിസഭയിൽ ഇടം നേടും. 92ആം വയസ്സിൽ തെരഞ്ഞെടുപ്പ് വിജയം നേടിയ ഷാമന്നൂർ ശിവശങ്കരപ്പക്കോ മകൻ എസ് എസ് മല്ലികാർജുനോ നറുക്ക് വീഴും. ബെല്‍ഗാവി റൂറലിൽ നിന്ന് വിജയിച്ച ലക്ഷ്മി ഹെബ്ബാൾക്കർ വനിതാ മന്ത്രിയായി ഇടം പിടിക്കും.
മലയാളിയായ കെ.ജെ ജോർജ് ഇത്തവണയും സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യും. തീരദേശ കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച യു.ടി ഖാദറിന്റെ പേരും പരിഗണനയിലാണ്. എൻ.എ ഹാരിസും സാധ്യതാ പട്ടികയിലുണ്ട്. വിധാൻ സഭ നിലകൊള്ളുന്ന ശിവാജി നഗറിലെ എം.എൽ.എ റിസ്വാൻ അർഷദ് മന്ത്രിസഭയിലെ യുവമുഖമാവും. ഗാന്ധിനഗറിൽ നിന്ന് നേരിയ വിജയം നേടിയ മുൻ പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും മന്ത്രിസഭയിൽ ഇടം നേടിയേക്കും.