ജലന്ധർ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ചേർത്തല സ്വദേശി അഗിൻ എസ് ദിലീപാണ് മരിച്ചത്
ചണ്ഡിഗഢ്: പഞ്ചാബിലെ ലവ് ലി പ്രഫഷണൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി അഗിൻ എസ് ദിലീപാണ് മരിച്ചത്. മരണം മറയ്ച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചു എന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. ബി ടെക് ഒന്നാം വർഷ വിദ്യാർഥി അഗിൻ എസ് ദിലീപിന്റെത് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുറിപ്പിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പരാമർശമുണ്ട്. നേരത്തെ എൻ.ഐ.ടിയിലായിരുന്നു മരിച്ച അഗിൻ.എസ് ദിലീപ് പഠിച്ചിരുന്നത്. പിന്നീട് ഇവിടുത്തെ പഠനം പല കാരണങ്ങളാൽ അവസാനിപ്പിക്കുകയായിരുന്നു. എൻ.ഐ.ടി ഡയറക്ടർ വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നായിരുന്നു ആത്മഹത്യകുറിപ്പിലുള്ളത്. അന്ന് പഠനം നിർത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതിൽ ഒരുപാട് ഖേദിക്കുന്നെന്നും കുറിപ്പിൽ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എൻ.ഐ.ടിയിൽ നിന്ന് പഠനം നിർത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കപൂർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. അഗിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥി പ്രതിഷേധം നടന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് പൊലീസ് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിട്ടുള്ളത്.
അതേസമയം, യുപിയിലെ അലഹബാദ് സർവകലാശാലയിലും വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഫഗ് വാരയിലെ ലവ്ലി സർവകലാശാല ഹോസ്റ്റലിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസ് വർധനയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഫീസ് വർദ്ധനയെ തുടർന്ന് കഴിഞ്ഞദിവസം സർവകലാശാലയിൽ വിദ്യാർഥികൾ സമരത്തിലായിരുന്നു.