'ചേരിയിൽ നിന്നുള്ള രാജകുമാരി'; ധാരാവിയിൽ നിന്ന് ഫാഷൻ ലോകത്തെ ആഡംബര ബ്രാന്റുകളുടെ മുഖമായി മാറിയ മലീഷ ഖർവ
സമീപകാലത്ത് മോഡലിങ്ങിൽ സജീവമായി തുടങ്ങിയ മലീഷ "ലീവ് യുവർ ഫെയറിടെയിൽ" എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്
മുംബൈ: ആഡംബര സൗന്ദര്യ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പയിനായ 'ദി യുവതി കളക്ഷന്റെ' മുഖമായി മാറിയിരിക്കുകയാണ് മുംബൈയിലെ ധാരാവി ചേരിയിൽ നിന്നുള്ള മലീഷ ഖർവ എന്ന 14 വയസ്സുകാരി. ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാനാണ് 2020ൽ മുംബൈയിൽ നിന്ന് മലീഷയെ കണ്ടെത്തിയത്. പിന്നിട് റോബർട്ട് മലീഷക്കായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. നിലവിൽ ഇൻസ്റ്റഗ്രാമിൽ 225,000-ലധികം ആളുകളാണ് മലീഷയെ പിന്തുടരുന്നത്. മനീഷ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുന്ന പല പോസ്റ്റുകളിലും ചേരിയിൽ നിന്നുള്ള രാജകുമാരി എന്ന ഹാഷ്‍റ്റാഗ് ഉപയോഗിക്കുന്നതായി കാണാം.
സമീപകാലത്ത് മോഡലിങ്ങിൽ സജീവമായി തുടങ്ങിയ മലീഷ "ലീവ് യുവർ ഫെയറിടെയിൽ" എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. യുവമനസുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് എസൻഷ്യൽസിന്റെ പുതിയ കാമ്പയിനിന്‍റെ മുഖമായി മലീഷയെ തിരഞ്ഞെടുത്തിരിക്കുന്നത്.
'അവളുടെ മുഖം ആനന്ദത്താൽ തിളങ്ങി, കൺമുന്നിൽ അവള്‍ക്ക് അവളുടെ സ്വപ്നങ്ങളെ കാണാൻ കഴിഞ്ഞു. സ്വപ്നങ്ങൾ ശരിക്കും യാഥാർത്ഥ്യമാകുമെന്ന മനോഹരമായ ഓർമ്മപ്പെടുത്തലാണ് മലീഷയുടെ കഥ' എന്ന അടിക്കുറിപ്പോടെ ഫോറസ്റ്റ് എസൻഷ്യൽസ് അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച മലീഷയുടെ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. 5 ദശലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോ 406,000 ലൈക്കുകളും നേടിയിരുന്നു.
അതേസമയം വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫോറസ്റ്റ് എസൻഷ്യൽസിന്റെ സ്ഥാപകയും ചീഫ് മാനേജിംഗ് ഡയറക്ടറുമായ മീര കുൽക്കർണി പറഞ്ഞത് തങ്ങൾ മലീഷയുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, യുവ മനസ്സുകളെ ശാക്തീകരിക്കുക കൂടിയാണെന്നാണ്.
'മലീഷ ഈ കാമ്പയിനിന്‍റെ മുഖമാകുമ്പോൾ, ഫോറസ്റ്റ് എസൻഷ്യൽസ് മുന്നോട്ട് കൊണ്ടുവരുന്നത് സ്വപ്നങ്ങളുടെ ആശയമാണ്. നിങ്ങൾ എവിടെ നിന്ന് വന്നാലും, നിങ്ങളുടെ സ്വപ്നം എത്ര ചെറുതായാലും വലുതായാലും, സ്വപ്നങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്, ഒപ്പം എല്ലാ സ്വപ്നങ്ങളും പ്രധാനമാണ്'- മീര കുൽക്കർണി
താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ജോലിയാണ് ഫോറസ്റ്റ് എസൻഷ്യൽസുമായുള്ള തന്‍റെ കാമ്പയിൻ എന്നും ഒരു മോഡൽ ആകാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും വിദ്യാഭ്യാസമായിരിക്കും എപ്പോഴും ഒന്നാമതെന്നും മലീഷ പറഞ്ഞു.