അമരക്കാരനായി മല്ലികാർജുൻ ഖാർഗെ; നാളെ ചുമതലയേൽക്കും

ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പും തന്നെയാകും മല്ലികാർജുൻ ഖാർഗെയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

Update: 2022-10-25 01:12 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസിന് നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പുതിയ അമരക്കാരൻ. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ നാളെ ചുമതലയേൽക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗവും നാളെ ചേരും.

22 വർഷ വർഷത്തിനുശേഷം തെരഞ്ഞെടുപ്പിലൂടെ ഒരാൾ കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തുന്നു. 24 വർഷത്തിനുശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാൾ. അരനൂറ്റാണ്ടിനുശേഷം ദലിത് വിഭാഗത്തിൽനിന്നൊരു നേതാവ് കോൺഗ്രസിന്റെ നായകത്വം ഏറ്റെടുക്കുന്നു. അങ്ങനെ പലകാരണങ്ങൾ കൊണ്ട് സ്വാതന്ത്ര്യാനന്തര കോൺഗ്രസ് ചരിത്രത്തിലെ അപൂർവമുഹൂർത്തമാകുമത്.

നാളെ രാവിലെ 10.30നാണ് എ.ഐ.സി.സി ആസ്ഥാനത്ത് ചടങ്ങ് നടക്കുന്നത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പി.സി.സി അധ്യക്ഷന്മാർ തുടങ്ങി പ്രമുഖർ തന്നെ ചടങ്ങിനു സാക്ഷിയാകാനെത്തും. സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗവും നിർണായകമാകും. ചടങ്ങിൽ പങ്കെടുക്കാൻ ഭാരത് ജോഡോ യാത്രയ്ക്ക് മൂന്ന് ദിവസത്തെ ഇടവേള നൽകി രാഹുൽ ഗാന്ധി ഇന്നലെ ഡൽഹിയിലെത്തിയിട്ടുണ്ട്.

അധ്യക്ഷനായി ചുമതലയേറ്റ ശേഷം വൈകീട്ട് ചേരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് ഖാർഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. ഹിമാചൽപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് തൊട്ടുമുന്നിലുള്ള പ്രധാന വെല്ലുവിളികൾ.

മൂന്ന് മാസത്തിനുള്ളിൽ പ്ലീനറി സമ്മേളനം വിളിച്ച് പ്രവർത്തക സമിതി ഉൾപ്പെടെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെയും പ്രതിപക്ഷത്തെയും ശക്തിപ്പെടുത്തുക എന്ന ചുമതലയും മല്ലികാർജുൻ ഖാർഗെയ്ക്ക് മുന്നിൽ വലിയ വെല്ലുവിളിയാകും.

കഴിഞ്ഞ 17നാണ് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ശശി തരൂരിന്റെ രംഗപ്രവേശത്തോടെ ഗ്ലാമർ പരിവേഷം ലഭിച്ച പോരാട്ടത്തിൽ 9,915 പ്രതിനിധികളിൽ 9,497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 19ന് ഫലപ്രഖ്യാപനം വന്നപ്പോൾ 90 ശതമാനം വോട്ട് നേടി ഖാർഗെയുടെ ചരിത്രവിജയം. 7,897 വോട്ടാണ് ഖാർഗെയ്ക്ക് ലഭിച്ചത്. തരൂരിന് 1,072 വോട്ടും ലഭിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്. 416 വോട്ട് അസാധുവാകുകയും ചെയ്തു.

Summary: Mallikarjun Kharge will swear in tomorrow in AICC headquarters in Delhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News