കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു

വിജയിച്ചാൽ 25 വർഷത്തിനിടയിൽ കോൺഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബാംഗമല്ലാത്ത അധ്യക്ഷനെന്ന സ്ഥാനം ഖാർഗെക്ക് ലഭിക്കും

Update: 2022-10-01 12:14 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17ന് നടക്കാനിരിക്കെ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു. ഒരു വ്യക്തി, ഒരു പദവി എന്ന പാർട്ടി നിലപാട് പരിഗണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് സംബന്ധിച്ച് അദ്ദേഹം സോണിയക്ക് കത്തയച്ചത്. ഇതോടെ രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവിനെ സോണിയ നിയോഗിക്കും. 80കാരനായ ഖാർഗെക്ക് ഗാന്ധി കുടുംബത്തിന്റെയും മിക്ക നേതാക്കളുടെയും പിന്തുണയുള്ളതിനാൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെയെങ്കിൽ 25 വർഷത്തിനിടയിൽ കോൺഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബാംഗമല്ലാത്ത അധ്യക്ഷനെന്ന സ്ഥാനം ഖാർഗെക്ക് ലഭിക്കും.

വിമത ജി 23 വിഭാഗത്തിലെ ശശി തരൂരിനെയാണ് അദ്ദേഹം നേരിടുന്നത്. പക്ഷേ മിക്ക ജി 23 നേതാക്കളും ഖാർഗെക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനാർഥിയായ ജാർഖണ്ഡിലെ മുൻ മന്ത്രി കെ.എൻ ത്രിപാദിയും പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രികയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് പത്രിക തള്ളിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം വോട്ടുചെയ്യില്ലെന്നാണ് നിരീക്ഷപ്പെടുന്നത്.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ ഭീഷ്മ പിതാവാണെന്നും അദ്ദേഹത്തോട് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. തങ്ങൾ എതിരാളികളല്ലെന്നും സഹപ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാരമ്പര്യ വഴിയിലൂടെ പാർട്ടി പ്രവർത്തനം നടത്തുന്ന അദ്ദേഹം ഹൈക്കാൻഡ് കൾച്ചർ തുടരുമെന്നും ചൂണ്ടിക്കാട്ടി.

Mallikarjun Kharge has resigned as the Leader of the Opposition in the Rajya Sabha as the Congress National President election is scheduled to be held on October 17.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News