ആർഎസ്എസും മോദിയും അമിത് ഷായും ഇന്ത്യയുടെ ഭീഷണി: മല്ലികാർജുൻ ഖാർഗെ

‘ബിജെപിയും ആർഎസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു’

Update: 2024-11-11 12:02 GMT
Advertising

മുംബൈ: ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്, ബിജെപി, പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരിൽനിന്ന് ഇന്ത്യ ഭീഷണി നേരിടുകയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുംബൈയിൽ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുമിച്ച്, നമ്മൾ സുരക്ഷിതരാണ്’, ‘വിഭജിച്ചാൽ നാം വീഴും’ എന്നീ ബിജെപി മുദ്രാവാക്യങ്ങളെയും അദ്ദേഹം വിമർശിച്ചു. രാജ്യം വിഭജിക്കാതെ ഒന്നായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും മാത്രമാണ് ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ആർഎസ്എസുകാർ ജനങ്ങളെ ഭിന്നിപ്പിച്ച് തല്ലിക്കൊല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്. ബിജെപിയും ആർഎസ്എസും നേരത്തേ തന്നെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിലൂടെയും മനുസ്മൃതി പിന്തുടർന്ന് വിഭജനം തീർത്തിരുന്നുവെന്നും ഖാർഗെ പറഞ്ഞു.

മോദിയെ ഒരു ജനാധിപത്യ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കാനാകുമോ എന്ന് ഖാർഗെ ചോദിച്ചു. വിഷയങ്ങൾ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പക്ഷെ, ജനാധിപത്യത്തെ തകർക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.

ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ കാലത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ മര്യാദ പാലിക്കുന്നില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും ​വജ്പേയിയും നെഹ്റുവും ഇന്ദിരാ ഗാന്ധിയും പരസ്പരം ബഹുമാനിച്ചിരുന്നു. എന്നാൽ, മോദി ഞങ്ങളെ നിരന്തരം ആക്രമിക്കുകയാണ്, അതിന് ഞങ്ങൾ മറുപടി നൽകുമെന്നും ഖാർഗെ പറഞ്ഞു.

കോൺഗ്രസ്, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, ശരത് പവാർ പക്ഷം എൻസിപി എന്നിവയടങ്ങിയ മഹാവികാസ് അഘാഡി മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലും ഖാർഗെ പ​ങ്കെടുത്തു.

‘ഒരുമിച്ച്, നമ്മൾ സുരക്ഷിതരാണ്’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് ആദ്യം ഉയർത്തിയത്. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വിഭജന രാഷ്ട്രീയത്തിൽ കോൺഗ്രസ് ഏർപ്പെട്ടിരിക്കുകയാണെന്നും മോദി ​ആരോപിച്ചിരുന്നു. മോദിയുടെ ഈ മുദ്രാവാക്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യത്തിലടക്കം ബിജെപി ഉപയോഗിക്കുന്നുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News