കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സ്ഥാനമേല്‍ക്കും
ഇന്ന് ചേരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി
ഡല്‍ഹി: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി ഇന്ന് സ്ഥാനമേൽക്കും. രാവിലെ 10.30ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഖാർഗെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. ഇന്ന് ചേരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പരിപാടി.
24 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ. ദലിത് വിഭാഗത്തിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാർഗെയ്ക്കുണ്ട്. രാവിലെ 10.30ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ഖാർഗെയുടെ സ്ഥാനാരോഹണ ചടങ്ങിൽ സോണിയ ഗാന്ധിക്ക് പുറമെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പി.സി.സി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കന്മാർ അടക്കമുള്ളവർ പങ്കെടുക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകളിൽ ഉച്ചയ്ക്ക് ശേഷം ഖാർഗെ പങ്കെടുക്കും. ഹിമാചൽ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാർഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവർത്തക സമിതി പുനഃസംഘടന, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്.