'ഞാനൊരു കർഷകന്റെ മകൻ'; അവിശ്വാസപ്രമേയ നീക്കത്തിനിടെ ഖാർഗെയോട് ഉപരാഷ്ട്രപതി
ചെയർമാൻ ബിജെപിയുടെ അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു.
ന്യൂഡൽഹി: അവിശ്വാസപ്രമേയ നീക്കത്തിനിടെ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖഢും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാഗ്വാദം. താനൊരു കർഷകന്റെ മകനാണ്. ഒരു ഘട്ടത്തിലും താൻ ദുർബലനാകില്ല, പരിധിയിലധികം താൻ സഹിച്ചുകഴിഞ്ഞെന്നും വികാരാധീനനായി ധൻഖഢ് പ്രതികരിച്ചു.
താങ്കൾ കർഷകന്റെ മകനാണെങ്കിൽ താനും ഒരു തൊഴിലാളിയുടെ മകനാണ് എന്നായിരുന്നു ഖാർഗെയുടെ മറുപടി. ''സഭയിൽ നിങ്ങളെക്കാൾ വലിയ വെല്ലുവിളി നേരിട്ടത് ഞാനാണ്. നിങ്ങൾ ഞങ്ങളുടെ പാർട്ടി നേതാക്കളെ അപമാനിക്കുകയായിരുന്നു, താങ്കൾ കോൺഗ്രസിനെയും അധിക്ഷേപിച്ചു. ഞങ്ങൾ നിങ്ങളുടെ പ്രശംസ കേൾക്കാൻ വേണ്ടി വന്നവരല്ല, ഞങ്ങൾ ചർച്ചക്കായാണ് ഇവിടെ വന്നത്''-ഖാർഗെ പറഞ്ഞു.
ചെയർമാൻ ബിജെപിയുടെ അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അദ്ദേഹം പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. അനീതിക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഖാർഗെ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി മരിക്കാനും താൻ തയ്യാറാണ് എന്നായിരുന്നു ധൻഖഢിന്റെ മറുപടി. വാക്കുതർക്കത്തിനിടെ തന്നെ അപമാനിക്കുന്ന താങ്കളെ എങ്ങനെ താൻ ബഹുമാനിക്കുമെന്നും ഖാർഗെ ധൻഖഢിനോട് ചോദിച്ചു.
അവിശ്വാസപ്രമേയം സംബന്ധിച്ച തർക്കത്തിനിടെ രാജ്യസഭ ഡിസംബർ 16 വരെ പിരിഞ്ഞു. രാജ്യസഭയുടെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നഡ്ഡ ഇന്ന് രാവിലെ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന് മതിയായ അവസരങ്ങൾ നൽകിയിരുന്നെങ്കിലും അവർ സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും നഡ്ഡ പറഞ്ഞു.