ബംഗാളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടി; മമത തുടര്‍ന്നും ശമ്പളം വാങ്ങില്ല

എം.എല്‍.എമാര്‍,ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രതിമാസ ശമ്പളത്തില്‍ 40,000 രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്

Update: 2023-09-08 01:34 GMT
Editor : Jaisy Thomas | By : Web Desk

മമത ബാനര്‍ജി

Advertising

കൊല്‍ക്കൊത്ത: പശ്ചിമബംഗാളില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളില്‍ ജനപ്രതിനിധികളുടെ ശമ്പളം കുറവായിരുന്നു. എം.എല്‍.എമാര്‍,ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രതിമാസ ശമ്പളത്തില്‍ 40,000 രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

നിയമസഭ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.ഇതോടെ എം.എല്‍.എമാര്‍ക്ക് 50,000 രൂപയും മന്ത്രിമാര്‍ക്ക് 50,900 രൂപയും പ്രതിമാസം ശമ്പളയിനത്തില്‍ ലഭിക്കും. ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്ക് ഇനിമുതല്‍ 51,000 രൂപയായിരിക്കും ശമ്പളം. നേരത്തെയുള്ള ശമ്പളത്തുക യഥാക്രമം 10,000 രൂപ, 10,900 രൂപ, 11,000 രൂപ എന്നിങ്ങനെയായിരുന്നു. ഏറെക്കാലമായി താന്‍ ശമ്പളം കൈപ്പറ്റാത്തതിനാല്‍ അതേ രീതിയില്‍ത്തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

തൊട്ടുപിന്നാലെ ബി.ജെ.പി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സർക്കാർ തീരുമാനത്തെ വിമർശിച്ചു. ബി.ജെ.പി എം.എൽ.എമാർ വർധിപ്പിച്ച തുക സ്വീകരിക്കില്ലെന്ന് പറഞ്ഞു.ഡിഎ പ്രവർത്തകർക്കും ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്‍റ് സർവീസസ് (ഐസിഡിഎസ്) ജീവനക്കാർക്കും കുടിശ്ശിക നൽകുന്നതിനെക്കാൾ എം‌.എൽ‌.എമാരുടെ ശമ്പള വർധനവിന് സർക്കാർ മുൻഗണന നൽകുന്നുവെന്ന് സുവേന്ദു കുറ്റപ്പെടുത്തി.അതേസമയം മറ്റ് ആനുകൂല്യങ്ങളിലും അലവന്‍സുകളിലും വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ധനവോടെ എംഎല്‍എമാര്‍ക്ക് മറ്റ് ആനുകൂല്യങ്ങളുള്‍പ്പെടെ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം (1.21 ലക്ഷം) രൂപ പ്രതിമാസം ലഭിക്കും. 81, 000 രൂപയാണ് എംഎല്‍എമാര്‍ക്ക് നിലവില്‍ ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിഫലം പ്രതിമാസം ഒരുലക്ഷത്തി പതിനായിരം (1.1 ലക്ഷം) രൂപയില്‍ നിന്ന് ഒരുലക്ഷത്തി അമ്പതിനായിരം (1.5 ലക്ഷം) രൂപയായി ഉയരും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News