ഇൻഡ്യ മുന്നണിയുടെ പ്രവർത്തനത്തിൽ തൃപ്തിയില്ലെന്ന് മമത; അവസരം നൽകിയാൽ സഖ്യത്തെ നയിക്കാൻ ഒരുക്കമെന്ന്

ഇൻഡ്യ സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മമതയുടെ പരാമർശം

Update: 2024-12-07 07:36 GMT
Editor : സനു ഹദീബ | By : Web Desk

മമത ബാനർജി

Advertising

കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. ഇൻഡ്യ സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മമതയുടെ പരാമർശം. ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നും മമത വ്യക്തമാക്കി.

ഒരേസമയം പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ബംഗാൾ മുഖ്യമന്ത്രിയെന്ന ചുമതല നിർവഹിക്കാനും തനിക്ക് സാധിക്കുമെന്നും മമത പറഞ്ഞു. " ഞാൻ ആണ് ഇൻഡ്യ സഖ്യം രൂപീകരിച്ചത്. ഇനി അതിനെ നന്നായി കൈകാര്യം ചെയ്യേണ്ടത് അതിനെ മുന്നിൽ നിന്ന് നയിക്കുന്നവരാണ്. ഇനി അവർക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ, എനിക്കെന്ത് ചെയ്യാൻ കഴിയും? എല്ലാവരെയും ഒപ്പം കൊണ്ടുപോകണമെന്ന് ഞാൻ പറയും’.ബംഗാളി ന്യൂസ് ചാനലായ ന്യൂസ് 18 ബംഗ്ലക്ക് നൽകിയ അഭിമുഖത്തിൽ മമത ബാനർജി വ്യക്തമാക്കി.

ശക്തമായ ബിജെപി വിരുദ്ധ ശക്തിയായിട്ടും സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, അവസരം ലഭിച്ചാൽ അതിന്റെ സുഗമമായ പ്രവർത്തനം  ഉറപ്പാക്കുമെന്ന് ബാനർജി പറഞ്ഞു.

‘എനിക്ക് ബംഗാളിന്റെ പുറത്തേക്ക് പോകേണ്ട ആവശ്യം ഇല്ല, ഇവിടെ നിന്ന് തന്നെ സഖ്യത്തെ നയിക്കാൻ സാധിക്കും’ മമത വ്യക്തമാക്കി.

നേരത്തെ തൃണമൂൽ നേതാവും എംപിയുമായ കല്യാൺ ബാനർജിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. കോൺഗ്രസും മറ്റ് സഖ്യകക്ഷികളും ഈഗോകൾ മാറ്റിവെച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായി അംഗീകരിക്കണമെന്നായിരുന്നു കല്യാൺ ബാനർജി പറഞ്ഞത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News