'ഇൻഡ്യ' സഖ്യത്തിൽ മമത ബാനർജിക്ക് പിന്തുണ ഏറുന്നു; കോൺഗ്രസിന്റെ എതിർപ്പ് പരിഗണിക്കേണ്ടെന്ന് ലാലുപ്രസാദ് യാദവ്
സഖ്യത്തെ നയിക്കാൻ സന്നദ്ധയാണെന്ന് അറിയിച്ച മമതയെ പിന്തുണച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും രംഗത്ത്
ന്യൂഡല്‍ഹി: 'ഇന്‍ഡ്യ' സഖ്യത്തിൽ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്തുണ ഏറുന്നു. സഖ്യത്തെ നയിക്കാൻ സന്നദ്ധയാണെന്ന് അറിയിച്ച മമതയെ പിന്തുണച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും രംഗത്ത് എത്തി.
'ഇൻഡ്യ' സഖ്യത്തെ മമത ബാനർജി നയിക്കണമെന്നും കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷം ഹരിയാനയിലും, മഹാരാഷ്ട്രയിലും 'ഇൻഡ്യ' സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമാകുകയാണ്.
അവസരം നല്‍കുകയാണെങ്കില്‍ 'ഇൻഡ്യ'സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധയാണെന്ന് മമത പറഞ്ഞതിന് പിന്നാലെ വലിയ പിന്തുണയാണ് മമതയ്ക്ക് ലഭിക്കുന്നത്. മമത ബാനര്‍ജി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറും മുന്നോട്ടുവച്ചിരുന്നു.
മമത കാര്യപ്രാപ്തിയുള്ള നേതാവാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാര്‍ പറഞ്ഞു. പിന്നാലെയാണ് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് രംഗത്ത് എത്തിയത്.
'മമത ബാനര്‍ജിയാണ് 'ഇൻഡ്യ' നയിക്കേണ്ടത്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധികാരത്തിലെത്തുമെന്നും'- ലാലുപ്രസാദ് പറഞ്ഞു.