ബിജെപിയെ ഒറ്റക്ക് നേരിടും; ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് മമത ബാനർജി
താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്നും മമത ബാനര്‍ജി ആരോപിച്ചു.
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇൻഡ്യ മുന്നണിക്ക് തിരിച്ചടി. ബംഗാളില്‍ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്നും മമത ബാനര്‍ജി ആരോപിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.ബംഗാളിൽ രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന തീരുമാനത്തില്‍ മമത ഉറച്ചുനിന്നതോടെ സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
മമതയുടെ ദയയില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നേരത്തേ പ്രതികരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മമത ബാനർജി വ്യക്തമാക്കിയത്.
താൻ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം സഖ്യം തളളിയെന്ന് മമത ആരോപിച്ചു. ബംഗാളില്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെത്തും മമതാ ബാനര്‍ജി വ്യക്തമാക്കി. താന്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ബംഗാളിലൂടെ കടന്നുപോകാനിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത്. എന്നാൽ, ചർച്ചയിൽ തന്റെ നിർദേശങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ലെന്ന് മമത ആരോപിച്ചു. പിന്നാലെ, ഒറ്റക്കു മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു.
തിങ്കളാഴ്ച നടന്ന സര്‍വമത റാലിയില്‍ കോണ്‍ഗ്രസിന് 300 സീറ്റില്‍ ഒറ്റക്ക് മത്സരിക്കാമെന്നും മറ്റുള്ളവ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡ്യാ മുന്നണിയില്‍ ഇടതുപക്ഷം വല്യേട്ടന്‍ കളിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. മമത ബാനർജി അവസരവാദിയാണെന്നും പശ്ചിമബംഗാളിൽ മത്സരിക്കാൻ അവരുടെ കരുണ വേണ്ടെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തൽ.
'മമതയുടെ സഹായത്തോടെ ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് അറിയാം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന് മമത ബാനര്‍ജി ഓര്‍ക്കണം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ 42 സീറ്റുകൾ കോൺഗ്രസിന് മത്സരിക്കാൻ വിട്ടുനൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദവും കോൺഗ്രസ് തള്ളിയിരുന്നു.