'സ്റ്റാലിന്‍ എന്‍റെ സഹോദരനെപ്പോലെ': മമത ബാനര്‍ജി ചെന്നൈയില്‍
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദര്‍ശനമെന്ന റിപ്പോര്‍ട്ട് മമത നിഷേധിച്ചു
ചെന്നൈ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തമിഴ്‌നാട്ടിലെത്തി. ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദര്‍ശനമെന്ന റിപ്പോര്‍ട്ട് മമത നിഷേധിച്ചു.
"ഇത് ആദരവിന്‍റെ പുറത്തുള്ള സന്ദര്‍ശനമാണ്. സ്റ്റാലിന്‍ എന്‍റെ സഹോദരനെപ്പോലെയാണ്"- സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും രാഷ്ട്രീയവും ചര്‍ച്ചയായോ എന്ന ചോദ്യത്തിന് മമതയുടെ മറുപടിയിങ്ങനെ- "എന്തുകൊണ്ട് രാഷ്ട്രീയം മാത്രം? വികസനത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം. അതും പ്രധാനമാണ്".
ഇതൊരു സഹോദരീ - സഹോദര കൂടിക്കാഴ്ച പോലെയാണെന്ന് എം.കെ സ്റ്റാലിനും പ്രതികരിച്ചു. ബംഗാള്‍ സന്ദര്‍ശിക്കാനുള്ള മമതയുടെ ക്ഷണം സ്റ്റാലിന്‍ സ്വീകരിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്റെ സഹോദരന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി തമിഴ്‌നാട്ടിലെത്തിയത്.
2024ൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന് മമത ബാനര്‍ജി ആഹ്വാനം ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവുവു ബിഹാറിലെ നിതീഷ് കുമാറും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങി. പ്രാദേശിക പാർട്ടി എന്നതിനേക്കാൾ ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍ കെ.സി.ആർ അടുത്തിടെ തന്റെ പാർട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി എന്നാക്കി മാറ്റിയിട്ടുണ്ട്.
ബി.ജെ.പിയെ നേരിടാൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റ് പ്രാദേശിക പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തിന്, പ്രാദേശിക പാർട്ടികളുടെ പങ്ക് വളരെ പ്രധാനമാണെന്ന് മമത ബാനർജി സമ്മതിച്ചിരുന്നു. പ്രാദേശിക പാർട്ടി നേതാക്കളുമായി ചർച്ച ചെയ്യാതെ ഇപ്പോൾ ഒന്നും പറയാനാകില്ല. എല്ലാ പ്രാദേശിക പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മമത പറഞ്ഞു.