'ബംഗാളിന്റെ വാതിൽ മുട്ടിയാൽ ഉറപ്പായും സ്വീകരിക്കും'; ബംഗ്ലാദേശിലെ ജനങ്ങൾക്ക് അഭയം നൽകുമെന്ന് മമത ബാനർജി

ബംഗ്ലാദേശിലെ അക്രമബാധിത ഇടങ്ങളിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു

Update: 2024-07-21 13:53 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: അക്രമബാധിതരായ ബംഗ്ലാദേശിലെ ജനങ്ങൾക്ക് അഭയം നൽകുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിസ്സഹരായ ആളുകൾ ബംഗാളിന്റെ വാതിൽമുട്ടിയാൽ ഉറപ്പായും അവർക്ക് അഭയം നൽകുമെന്ന് മമത ബാനർജി പറഞ്ഞു. 'അയൽക്കാർ അഭയാർത്ഥികളെ ബഹിമാനിക്കും' എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രഖ്യാപനം. തൃണമൂൽ കോൺഗ്രസിൻ്റെ മെഗാ 'രക്തസാക്ഷി ദിന' റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ. 

ബംഗ്ലാദേശിലെ അക്രമബാധിത ഇടങ്ങളിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്ക് എല്ലാ സഹകരണവും ഉറപ്പ് നൽകുമെന്നും മമത പറഞ്ഞു. അതേസമയം, ബംഗ്ലാദേശിൽ സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം രാജ്യമൊട്ടാകെ ആളിപ്പടരുകയാണ്. ബംഗ്ലാദേശ് അധികൃതർ രാജ്യത്തുടനീളം കർശനമായ കർഫ്യൂ ഏർപ്പെടുത്തി. 

രാജ്യതലസ്ഥാനമായ ധാക്കയുടെ ചില ഭാഗങ്ങളിൽ സൈനിക ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയാണ്. അക്രമത്തിൽ ഇതുവരെ 40ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി വൻ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബം​ഗ്ലാദേശിൽ അരങ്ങേറുന്നത്. 

7000-ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കലാപബാധിത മേഖലയിലേക്ക് പോകരുതെന്നും പരമാവധി പുറത്തിറങ്ങാതെ നോക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു. വ്യാഴാഴ്ചയോടെ ബംഗ്ലാദേശിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണമായും നിർത്തലാക്കിയിരുന്നു. ടെലിഫോൺ സേവനങ്ങളും പ്രതിസന്ധിയിലായി. ഇതോടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. 

പ്രക്ഷോഭം അടങ്ങിയേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും രൂക്ഷമായതോടെയാണ് എം.ബി.ബി.എസ് വിദ്യാർഥികളടക്കം നാട്ടിലേക്ക് മടങ്ങിയത്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണമുൾപ്പെടെ സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ പറയുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News