'രാജ്യത്ത് കർശന ബലാത്സംഗ വിരുദ്ധ നിയമം വേണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി
കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം.
കൊൽക്കത്ത: ബലാത്സംഗക്കേസുകളിൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം. രാജ്യത്ത് കർശന ബലാത്സംഗ വിരുദ്ധ നിയമം വേണമെന്ന് മമത കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ദിനേന 90 ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. അതിനാൽ, ഇത്തരത്തിലുള്ള ക്രൂരകുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നവർക്ക് ശക്തവും മാതൃകാപരവുമായ ശിക്ഷ നൽകാൻ കർശനമായ നിയമനിർമാണം ആവശ്യമാണ്. ബലാത്സംഗ കേസുകളിൽ പെട്ടെന്നുള്ള നീതിക്കായി അതിവേഗ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികൾ രൂപീകരിക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. കൂടാതെ വിചാരണ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു.
ഇരയ്ക്ക് നീതി ലഭിക്കണമെന്നും പൊലീസിലെ സിവിക് വളണ്ടിയറായ പ്രതിയെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കൊൽക്കത്തയിൽ വൻ റാലി നടത്തിയിരുന്നു. ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടെ ആർ.ജി കാർ മെഡിക്കൽ കോളജ് ആക്രമിക്കുകയും അടിച്ചുതകർക്കുകയും ചെയ്തതിനു പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച മമത, കേസിലെ തെളിവ് നശിപ്പിക്കാൻ അക്രമികൾ ശ്രമിച്ചെന്നും പറഞ്ഞിരുന്നു.
പിന്നാലെ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തു. രാത്രി കൂട്ടാളി എന്ന പേരിലാണ് പദ്ധതി. സി.സി.ടി.വി കവറേജുള്ള സേഫ് സോണുകൾ, രാത്രിയിൽ വനിതാ വളണ്ടിയർമാരുടെ വിന്യാസം, പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന അലാം ഉള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ, ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ബ്രീത്ത് അനലൈസർ ടെസ്റ്റുകളുള്ള സുരക്ഷാ പരിശോധനകൾ എന്നിങ്ങനെ നിരവധി സുരക്ഷാ നടപടികൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
രാജ്യത്ത് ബലാത്സംഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എത്രയും വേഗത്തിൽ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും രംഗത്തെത്തി. ബലാത്സംഗക്കേസുകളിൽ 50 ദിവസത്തിനകം പ്രതികളെ ശിക്ഷിക്കുന്ന വിധത്തിൽ നിയമം വേണമെന്ന് അഭിഷേക് ആവശ്യപ്പെട്ടു. വേഗത്തിലും കർശനവുമായ ശിക്ഷാനടപടികൾ ഉറപ്പാക്കാൻ ബലാത്സംഗവിരുദ്ധ നിയമം കൊണ്ടുവരാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'രാജ്യത്ത് ദിവസേന 90 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഓരോ മണിക്കൂറിലും നാലും ഓരോ 15 മിനിറ്റിലും ഒന്നു വീതവും ബലാത്സംഗം നടക്കുന്നു. 50 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ നൽകുന്ന ശക്തമായ നിയമങ്ങൾ ആവശ്യമാണ്. പൊള്ളയായ വാഗ്ദാനങ്ങളല്ല, കഠിനമായ ശിക്ഷകളാണ് വേണ്ടത്. വേഗമേറിയതും കർക്കശവുമായ നീതി ഉറപ്പാക്കുന്ന സമഗ്രമായ ബലാത്സംഗ വിരുദ്ധ നിയമത്തിനായി സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പ്രവർത്തിക്കണം'- അഭിഷേക് ബാനർജി വിശദമാക്കി.
അതേസമയം, ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി രംഗത്തെത്തിയിരുന്നു. സംഭവം ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിക്കാൻ വൈകിയെന്നും നിങ്ങൾ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ രാജിവച്ച ഇയാളെ കേസന്വേഷിക്കുന്ന സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മരണത്തെ കുറിച്ച് യുവതിയുടെ വീട്ടിൽ ആദ്യമറിയിച്ചത് പ്രിൻസിപ്പലാണെങ്കിലും ആത്മഹത്യയാണെന്നാണ് ഇയാൾ പറഞ്ഞത്. ഇതെന്തിനായിരുന്നു എന്നും സി.ബി. ചോദിച്ചിരുന്നു.
ഇതിനിടെ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡോ. സന്ദീപ് ഘോഷിനെതിരെ കൊൽക്കത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചാണ് അന്വേഷണം. ഇതിനു പുറമെ, കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന് കൊൽക്കത്ത പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങുകയാണ് സി.ബി.ഐ.
കഴിഞ്ഞദിവസം ബംഗാൾ പൊലീസിനെതിരെ കനത്ത വിമർശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. എന്തുകൊണ്ടാണ് കേസെടുക്കാനും പോസ്റ്റ്മോർട്ടം നടത്താനും വൈകിയതെന്ന് ബംഗാൾ സർക്കാരും പൊലീസും മറുപടി പറയണമെന്ന് കോടതി പറഞ്ഞിരുന്നു. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിന് രാത്രിയാണ് ആർ.ജി കാർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെ സെമിനാര്‍ ഹാളിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റായ് ആണ് പ്രതി. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധം തുടരുകയാണ്.