രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഒരു മുഴം മുമ്പേ എറിഞ്ഞ് മമത; പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെ 22 നേതാക്കൾക്കാണ് മമത കത്തെഴുതിയത്. ജൂൺ 15ന് പകൽ മൂന്നു മണിക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് യോഗം.

Update: 2022-06-12 02:34 GMT
Advertising

കൊൽക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പൊതു സ്ഥാനാർഥിയെന്ന ചർച്ചകൾക്കിടെ ബുധനാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ച് പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും മമത നേരിട്ട് കത്തെഴുതി.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുസ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനായി രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പ്രാഥമികചർച്ചയും തുടങ്ങിയിരുന്നു. മമതാ ബാനർജിയെയും ഡിഎംകെ, സിപിഎം, സിപിഐ, ആം ആദ്മി പാർട്ടികളുടെ നേതാക്കളെയും അദ്ദേഹം ബന്ധപ്പെട്ടുവെന്നാണ് വിവരം. അതിനിടെയാണ് മമതയുടെ നിർണായക നീക്കം.

കോൺഗ്രസിനെ മറികടന്ന് പ്രതിപക്ഷ നിരയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം നേരത്തെയും മമത നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെ 22 നേതാക്കൾക്കാണ് മമത കത്തെഴുതിയത്. ജൂൺ 15ന് പകൽ മൂന്നു മണിക്ക് ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിലാണ് യോഗം.

അതേസമയം ഏകപക്ഷീയമായി യോഗം വിളിക്കാനുള്ള മമതാ ബാനർജിയുടെ തീരുമാനം പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവെക്കുകയേ ഉള്ളൂവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബുധനാഴ്ച പ്രതിപക്ഷകക്ഷികളുടെ യോഗം ചേരാൻ മുതിർന്ന നേതാക്കൾ നേരത്തെ ധാരണയിലെത്തിയതാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ എന്നിവരെല്ലാം ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. മമതയുടെ അസാധാരണ നീക്കം ബിജെപിയെ സഹായിക്കുക മാത്രമേയുള്ളൂ-യെച്ചൂരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News