വളർത്തുമകന്റെ മൃതദേഹത്തിനരികെ 82 കാരന്‍ കഴിഞ്ഞത് നാലു ദിവസം; പൊലീസെത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ച
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു
ചണ്ഡീഗഡ്: മൊഹാലിയിൽ ദത്തുപുത്രന്റെ മൃതദേഹത്തിനരികെ 82 കാരൻ കഴിഞ്ഞത് നാലുദിവസത്തോളം. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ മൃതദേഹത്തിനടുത്ത് നിന്ന് മാറ്റിയത്. ബൽവന്ത് സിംഗ് എന്നയാളാണ് ദത്തുപുത്രനായ സുഖ‍്‍വിന്ദർ സിങ്ങിന്റെ മൃതദേഹത്തിനരികെ ദിവസങ്ങളോളം കഴിഞ്ഞത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
'മൃതദേഹത്തിന് അരികിൽ ഒരു വയോധികൻ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടുന്നില്ലായിരുന്നു. ചോദ്യങ്ങൾക്കൊന്നും അയാൾക്ക് മറുപടിയില്ലായിരുന്നു. നടന്നത് എന്താണെന്ന് അയാൾക്ക് അറിയില്ലെന്നും ഉദ്യോഗസ്ഥനായ പോൾ ചന്ദ് പറഞ്ഞു. വാതിൽ തുറക്കാനും അയാൾ സമ്മതിക്കാത്തതിനാൽ ബലം പ്രയോഗിച്ചാണ് പൊലീസ് വീട്ടിലേക്ക് കയറിയത്. മകന്റെ മൃതദേഹത്തിനരികെയിരിക്കുന്ന വയോധികൻ അർധബോധാവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളില്ലാത്തിനാൽ അദ്ദേഹം സുഖ‍്‍വിന്ദർ സിങ്ങിനെ ദത്തെടുക്കുകയായിരുന്നെന്ന് അയൽവാസികൾ പറയുന്നു. 'ആരെങ്കിലും അവരെ സന്ദർശിച്ചിരുന്നോ എന്ന് അറിയില്ല. കഴിഞ്ഞ ഒരു മാസമായി വയോധികൻ വീട്ടിന് പുറത്തേക്കിറങ്ങിയിട്ടില്ല. ആരോടും അധികം സംസാരിച്ചില്ല. ദുർഗന്ധം വമിച്ചപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല'. ഞങ്ങൾ പൊലീസിനെ വിളിക്കുകയായിരുന്നെന്നും അയൽവാസി പറഞ്ഞതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു.