'ഇവനെന്റെ മകനെ പോലെ, എങ്ങോട്ട് പോയാലും കൂടെവരും'; വളർത്തുകുരങ്ങനുമായി വോട്ട് ചെയ്യാനെത്തി മധ്യവയസ്കൻ
തോളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുരങ്ങനുമായി ഇദ്ദേഹം പോളിങ് ബൂത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭോപ്പാൽ: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. നടന്നും വാഹനത്തിലും മറ്റുമായി ആളുകൾ പോളിങ് ബൂത്തുകളിലേക്ക് പോവുമ്പോൾ പാർട്ടി പ്രവർത്തകരും കുടുംബക്കാരും വയസായവരെ കസേരയിലും മറ്റുമായി വോട്ട് ചെയ്യാൻ എത്തിക്കുന്ന കാഴ്ചയും പതിവാണ്. വോട്ടിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിർബന്ധമായും സമ്മതിനാവകാശം രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ വളർത്തു കുരങ്ങനുമായി വോട്ട് ചെയ്യാനെത്തിയിരിക്കുകയാണ് ഒരാൾ.
മഹാരാഷ്ട്രയിലെ വാർധയിലാണ് വിനോദ് ക്ഷിർസഗർ എന്ന മധ്യവയസ്കൻ ലങ്കൂർ കുരങ്ങനുമായി വോട്ട് ചെയ്യാനെത്തിയത്. തോളിൽ സ്ഥാനം പിടിച്ചിരിക്കുന്ന കുരങ്ങനുമായി വിനോദ് പോളിങ് ബൂത്തിലേക്കെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബജ്രംഗ് എന്ന് പേരിട്ടിരിക്കുന്ന കുരങ്ങൻ തന്റെ മകനെ പോലെയാണെന്നും എങ്ങോട്ടുപോയാലും തന്റെ കൂടെ വരുമെന്നും വിനോദ് പറയുന്നു.
'കഴിഞ്ഞ മൂന്ന് മാസമായി ഇവൻ എന്റെ കൂടെയുണ്ട്. നേരത്തെ, തെരുവുനായ്ക്കൾ ആക്രമിക്കുകയും ശരീരത്തിൽ മുറിവേൽക്കുകയും ചെയ്തിരുന്നു. എന്റെയടുത്ത് എത്തിയ ശേഷം തനിയെ എവിടെയും പോവാറില്ല. ഞാൻ എങ്ങോട്ടുപോയാലും ഇവൻ എന്റെയൊപ്പം ഉണ്ടാവും. അതുപോലെ ഇപ്പോൾ വോട്ട് ചെയ്യാനെത്തിയപ്പോഴും എന്റെ കൂടെ വന്നു. ഇവനെന്റെ മകനെ പോലെയാണ്. ആരെയും ശല്യപ്പെടുത്താറില്ല'- വിനോദ് വിശദമാക്കി.
മഹാരാഷ്ട്രയിലെ 48 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നായ വാർധയിൽ ബിജെപിയുടെ രാംദാസ് തദാസ് ആണ് നിലവിലെ എം.പി. രാംദാസ് തന്നെയാണ് ഇത്തവണയും ബിജെപിക്കായി രംഗത്തിറങ്ങുന്നത്. എൻസിപി-ശരദ് പവാർ വിഭാഗം സ്ഥാനാർഥി അമർ ശരദ് റാവു കാലെയാണ് എതിരാളി.