സ്വത്തുതർക്കത്തിനിടെ അച്ഛനെ അടിച്ചുകൊന്നു; മകൻ അറസ്റ്റിൽ

അച്ഛൻ്റെ സ്വത്ത് മുഴുവൻ തൻ്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു അരുണിൻ്റെ ആവശ്യം.

Update: 2024-06-14 03:03 GMT
Advertising

ന്യൂഡൽഹി: സ്വത്തുതർക്കത്തെ തുടർന്ന് മകൻ അച്ഛനെ മർദിച്ചു കൊന്നു. ഡൽഹിയിലെ നന്ദ് നാ​ഗ്രിയിൽ കഴിഞ്ഞദിവസമാണ് സംഭവം. കെഹർ സിങ് എന്ന 65കാരനാണ് മകനായ അരുണിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരനായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ കെഹാറിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനിയായ മകൻ അരുണിനൊപ്പമായിരുന്നു പിതാവിന്റെ താമസമെന്ന് പൊലീസ് അറിയിച്ചു.

അരുൺ ജിടിബി ഹോസ്പിറ്റലിൽ നഴ്സാണെങ്കിലും സ്ഥിരമായി ജോലിക്ക് പോകാറില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ പറഞ്ഞു.

അരുണും പിതാവും തമ്മിൽ വീട്ടിൽ വഴക്ക് പതിവാണെന്ന് കെഹാറിന്റെ മൂത്ത മകൻ പറഞ്ഞു. അച്ഛൻ്റെ സ്വത്ത് മുഴുവൻ തൻ്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു അരുണിൻ്റെ ആവശ്യം.

ഇതേച്ചൊല്ലി ബുധനാഴ്ച അരുണും പിതാവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വടിയും ഇഷ്ടികയും ഉപയോ​ഗിച്ച് ഇയാൾ കെഹാറിനെ ആക്രമിക്കുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ​ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കെഹാർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

"സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ്, ഫോറൻസിക് സംഘങ്ങൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്"- പൊലീസ് ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News