കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്
സഹരൻപൂർ: കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റ് ചെയ്തു.
അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് സന്ദീപിനെ(30) പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പറഞ്ഞു.രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികള്‍. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും അഭിമന്യു മംഗ്‌ലിക് പറഞ്ഞു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു.
അയൽക്കാരാണ് കൊലപാതക വിവരം കുത്തബ്‌ഷേർ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അൽക്കയുടെ മൃതദേഹത്തിന് സമീപം സന്ദീപ് ഇരിക്കുന്നതായി കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.