ബലിയറുക്കാനായി ആടുകളെ വീട്ടിൽ കൊണ്ടുവന്നതിനെതിരെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം

ആടുകളെ കൊണ്ടുവന്നതിന് 11 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Update: 2023-06-28 08:26 GMT
Advertising

മുംബൈ: ബലിപെരുന്നാളിന് ബലിയറുക്കാനായി ആടുകളെ കൊണ്ടുവന്നതിനെതിരെ പ്രതിഷേധം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഹൗസിങ് കോംപ്ലക്‌സിലാണ് സംഭവം. ഇവിടെ താമസക്കാരനായ മുഹ്‌സിൻ ശൈഖ് ആണ് രണ്ട്‌ ആടിനെ കൊണ്ടുവന്നത്. ഇതിനെതിരെ സംഘടിച്ചെത്തിയ ഒരു വിഭാഗം ഹനുമാൻ ചാലിസയും ജയ് ശ്രീരാം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു.

കോംപ്ലക്‌സിനകത്ത് കന്നുകാലികളെ കൊണ്ടുവരരുതെന്ന് നിയമമുണ്ടെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആടുകളെ പുറത്തുകൊണ്ടുപോവണമെന്നും ഇവർ ആവശ്യപ്പെട്ടു. ആടുകളെ കൊണ്ടുവന്നതിന് 11 പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഇവിടെ 200-250 മുസ്‌ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എല്ലാ വർഷവും ബലിയർപ്പിക്കാനായി ആടുകളെ കൊണ്ടുവരാറുണ്ട്. ഇത്തവണ മാത്രമാണ് പ്രശ്‌നമുണ്ടായത്. ആടുകളെ സൂക്ഷിക്കാൻ സ്ഥലം നൽകുന്നതിനെക്കുറിച്ച് താമസക്കാരോട് സംസാരിച്ചെങ്കിലും ആരും അനുവദിച്ചില്ല. വീടിനടുത്തുവെച്ച് ആടുകളെ അറുക്കാറില്ല. അറവുശാലയിൽവെച്ചാണ് അറവ് നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കന്നുകാലികളെ കൊണ്ടുവരരുതെന്ന് ഹൗസിങ് സൊസൈറ്റി തീരുമാനിച്ചതാണെന്നും ചിലർ അത് ലംഘിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും താമസക്കാരിലൊരാൾ പറഞ്ഞു. സൊസൈറ്റിയുടെ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും മറ്റൊരാൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News