ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതിയുമൊത്ത് കേക്ക് കഴിച്ചു, ബിൽ 1.2 ലക്ഷം; സിവിൽ സർവീസ് പരീക്ഷാർഥിക്ക് പണി കിട്ടിയത് ഇങ്ങനെ
അമിത ബില്ലിനെ ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി പണം നൽകാൻ നിർബന്ധിച്ചു. ഇതോടെയാണ് യുവാവിന് പണി പാളിയെന്ന് മനസിലായത്.
ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി കഫേയിൽ പോയ യുവാവിന് നഷ്ടമായത് 1.2 ലക്ഷം. സിവിൽ സർവീസ് പരീക്ഷാർഥിയായ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജൂൺ 23നാണ് സംഭവം. ഡേറ്റിങ് ആപ്പായ ടിൻഡെറിലൂടെ പരിചയപ്പെട്ട യുവതിയുടെ ജന്മദിനമാഘോഷിക്കാൻ ക്ഷണിച്ച യുവാവാണ് തട്ടിപ്പിനിരയായത്.
ആപ്പിൽ വർഷ എന്ന് പേരുള്ള യുവതിയെ അവരുടെ ജന്മദിനം ആഘോഷിക്കാനായി യുവാവ് വികാസ് മോർഗിലുള്ള ബ്ലാക്ക് മിറർ കഫേയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചില സ്നാക്ക്സുകളും കേക്കുകളും വൈനും ഓർഡർ ചെയ്തു. ഇത് കഴിച്ചുകൊണ്ടിരിക്കെ വീട്ടിൽ ഒരു അടിയന്തര ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതി പെട്ടെന്ന് പോയി.
ഇതോടെ, ബില്ലടയ്ക്കാൻ കൗണ്ടറിലെത്തിയ യുവാവിന് തുക കണ്ട് തല കറങ്ങി. കൂടിപ്പോയാൽ ആയിരത്തിൽ താഴെ മാത്രം വില വരാവുന്ന സാധനങ്ങൾക്ക് ലഭിച്ചത് 1,21,917 രൂപ ബിൽ. അമിത ബില്ലിനെ ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി പണം നൽകാൻ നിർബന്ധിച്ചു. ഇതോടെയാണ് യുവാവിന് പണി പാളിയെന്ന് മനസിലായത്.
തട്ടിപ്പ് മനസിലായെങ്കിലും യുവാവ് പേടിച്ച് പണം നൽകി. ഈസ്റ്റ് ഡൽഹിയിലെ ഷഹ്ദാര നിവാസിയും കഫേ ഉടമയുമായ അക്ഷയ് പഹ്‌വയ്ക്കാണ് ഓൺലൈനായി പണം കൈമാറിയത്. കഫേയിൽ നിന്നിറങ്ങിയ യുവാവ് നേരെ പൊലീസ് സ്റ്റേഷനിലെത്തി തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ കഫേ ഉടമയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. താനും ബന്ധുവായ വൻഷ് പഹ്‌വയും സുഹൃത്ത് അൻഷ് ഗ്രോവറുമാണ് ബ്ലാക്ക് മിറർ കഫേയുടെ ഉടമകളെന്ന് ഇയാൾ വെളിപ്പെടുത്തി. ഏഴാം ക്ലാസ് തോറ്റ ആര്യൻ എന്നയാളടക്കം നിരവധി പേരെ കഫേയിൽ ടേബിൾ മാനേജർമാരായി നിയമിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
25കാരിയായ വർഷയുടെ യഥാർഥ പേര് അഫ്സൻ പർവീൻ എന്നാണെന്നും അയ്ഷ, നൂർ എന്നീ പേരുകളിലും അവർ അറിയപ്പെടുന്നുണ്ടെന്നും ഇയാൾ മൊഴി നൽകി. തുടർന്ന്, ഷാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട മുംബൈ സ്വദേശിയായ ഒരു യുവാവുമായി 'ഡേറ്റി'ൽ ആയിരുന്ന അഫ്സാനെ സാങ്കേതിക നിരീക്ഷണത്തിൻ്റെ സഹായത്തോടെ പൊലീസ് മറ്റൊരു കഫേയിൽ വച്ച് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ, ഡേറ്റിങ് ആപ്പിലൂടെ സിവിൽ സർവീസ് ഉദ്യോഗാർഥിയുമായി പരിചയപ്പെട്ടതും വർഷ എന്ന വ്യാജേന ഇയാളോട് ആശയവിനിമയം നടത്തിയതും ആര്യനാണെന്ന് അഫ്‌സാൻ പൊലീസിനോട് പറഞ്ഞു. അഫ്‌സാൻ്റെ വൺ-ടൈം വ്യൂ ചിത്രം പങ്കുവച്ച ആര്യൻ, ജൂൺ 23ന് അവളുടെ ജന്മദിനം ആഘോഷിക്കാൻ യുവാവിനെ കഫേയിലേക്ക് ക്ഷണിക്കുകയായിരുന്നു.
അതേസമയം, യുവാവിൽ നിന്നും തട്ടിയെടുത്ത ബിൽ തുക പ്രതികൾ കൃത്യമായ അനുപാതത്തിൽ വീതിച്ചെടുത്തതായും പൊലീസ് കണ്ടെത്തി. വർഷയെന്ന അഫ്സാൻ പർവീന് 15 ശതമാനം, ടേബിൾ, കഫേ മാനേജർമാർക്ക് 45 ശതമാനം, ബാക്കി 40 ശതമാനം ഉടമകൾക്ക് എന്നിങ്ങനെയാണ് പണം വീതിച്ചെടുത്തത്.
കേസിൽ അന്വേഷണം തുടരുകയാണെന്നും തട്ടിപ്പിലെ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുകയാണെന്നും പൊലീസ് പറയുന്നു. ഡേറ്റിങ് ആപ്പ് വഴിയുള്ള വൻ തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി കൂടാതെ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന സിറ്റികൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. കഫേ ഉടമകൾ, മാനേജർമാർ, ഡേറ്റിങ് ആപ്പുകൾ വഴി ആളുകളെ കുടുക്കുന്ന വ്യക്തികൾ എന്നിവർ തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.
'ടേബിൾ മാനേജർമാർ' എന്നറിയപ്പെടുന്ന വ്യക്തികൾ ഡേറ്റിങ് ആപ്പുകളിൽ വ്യാജ സ്ത്രീ പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളെ കഫേയിലേക്ക് ആകർഷിക്കുന്നു. അവിടെ ഭക്ഷണത്തിനും പാനീയങ്ങൾക്കും അമിത നിരക്ക് ഈടാക്കുന്നു. പണമടയ്ക്കാൻ വിസമ്മതിച്ചാൽ ഇവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും തുക കിട്ടുംവരെ തടവിലാക്കുകയോ ചെയ്യും. ഇതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.
കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതും തട്ടിപ്പുകാർക്ക് സഹായമാകുന്നു. തങ്ങൾ ഡേറ്റിങ് ആപ്പിൽ ഉണ്ടെന്ന് കുടുംബം അറിയരുതെന്ന് ഇരകൾ ആഗ്രഹിക്കുന്നതാണ് പരാതിപ്പെടാതിരിക്കാൻ കാരണം.