13കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത 30കാരന് 25 വർഷം തടവും പിഴയും
ഒരു വർഷവും നാല് മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കഴിഞ്ഞദിവസം കോടതി വിധി പ്രസ്താവിച്ചത്.
ദിസ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്ത യുവാവിന് 25 വർഷം തടവുശിക്ഷ. അസമിലെ ഹൈലാക്കണ്ടി ജില്ലയിലെ രാംനാഥ്പൂർ പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം. ധോലൈസിത് ഗ്രാമവാസിയായ ബിജോയ് ബിൻ ആണ് പ്രതി. 30കാരനായ ഇയാൾക്ക് രാംനാഥ്പൂർ ജില്ലയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടൊപ്പം 20,000 രൂപ പിഴയും അടയ്ക്കണം.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചതിൽ പോക്‌സോ നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി ജഡ്ജി സഞ്ജയ് ഹസാരികയാണ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 20 വർഷത്തെ കഠിനതടവും ഐപിസി സെക്ഷൻ 366 പ്രകാരം അഞ്ച് വർഷവും അധിക തടവുമാണ് വിധിച്ചത്.
രണ്ട് കേസുകളിലുമായി 10,000 രൂപ വീതം പിഴ നൽകണമെന്നും തുകയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി നിർദേശിച്ചു. അതിവേഗ കോടതിയാണ് കേസ് പരിഗണിച്ചത്. ഒരു വർഷവും നാല് മാസവും കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കഴിഞ്ഞദിവസം കോടതി വിധി പ്രസ്താവിച്ചത്.
കഴിഞ്ഞവർഷം ജനുവരി 18നാണ് രാംനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. സമീപ ഗ്രാമത്തിലെ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം പെൺകുട്ടി വീട്ടിലേക്ക് എത്താതിരുന്നതോടെയായിരുന്നു കുടുംബം പൊലീസിനെ സമീപിച്ചത്.
തങ്ങൾ വിവാഹിതരായെന്ന് അവകാശപ്പെട്ട ഇയാളുടെ വീട്ടിലാണ് വീട്ടുകാർ പിന്നീട് പെൺകുട്ടിയെ കണ്ടെത്തിയത്. പരാതിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചതിന് ഐപിസി സെക്ഷൻ 366, ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ ഒമ്പത്, പോക്‌സോ നിയമത്തിലെ സെക്ഷൻ നാല് എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് മാസത്തെ അറസ്റ്റിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.