യു.പിയിൽ അയൽവാസിയുടെ രണ്ട് വയസുകാരി മകളെ കൊന്ന് ബാഗിലാക്കി ഒളിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഓടിപ്പോയിരുന്നു.

Update: 2023-04-11 15:30 GMT
Advertising

നോയ്ഡ: അയൽവാസിയുടെ രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തി ബാ​ഗിലാക്കി മുറിയുടെ വാതിലിനു പിന്നിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയ്ഡയിലെ സൂരജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയായ രാഘവേന്ദ്ര എന്ന രാഘവ് സിങ്ങിനെ ​ഗാസിയാബാദ് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു പ്രീംപെയ്ഡ് ടാക്സി ബൂത്തിനടുത്ത് നിന്നും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് ദീക്ഷിത് പറഞ്ഞു.

ഏപ്രിൽ ഏഴിന് ദേവ്‌ല ഗ്രാമത്തിലെ അവളുടെ വീട്ടിൽ നിന്ന് പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ഡി.സി.പി വ്യക്തമാക്കി. കുട്ടിയുടെ പിതാവ് അടുത്തിടെ കുറച്ച് പണം സമ്പാദിച്ചതായി അറിഞ്ഞതിനെത്തുടർന്ന് അവളെ മോചിപ്പിക്കാൻ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഇത്.

'അടുത്ത ദിവസം ലോക്കൽ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതായി പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഇതിനിടെ പ്രതിയുടെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ കെട്ടിടത്തിലെ മറ്റ് താമസക്കാർ മുറി പരിശോധിക്കുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു'- ഡി.സി.പി വിശദമാക്കി.

'മൃതദേഹം ഒരു ബാ​ഗിനുള്ളിലാക്കിയ നിലയിലായിരുന്നു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഓടിപ്പോയിരുന്നു. ചൊവ്വാഴ്ച അറസ്റ്റ് ചെയ്തപ്പോൾ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയും ഇരയായ പെൺകുട്ടിയുടെ കുടുംബവും സൂരജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്'.

പ്രതിയും പെൺകുട്ടിയുടെ പിതാവും ദിവസ വേതനക്കാരാണ്. സിങ് ഭാര്യയ്ക്കും മൂന്നു ഒമ്പതും പ്രായമുള്ള രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ഇയാളുടെ താമസം. ചോദ്യം ചെയ്യലിൽ, കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് അടുത്തിടെ കുറച്ച് പണം സമ്പാദിച്ചതായും വീട് നിർമിക്കാൻ പദ്ധതിയിട്ടിരുന്നതായും അത് പ്രതിക്ക് മനസിലായതായും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

മോചനദ്രവ്യമാണ് വേണ്ടതെങ്കിൽ എന്തിനാണ് കുഞ്ഞിനെ കൊന്നതെന്ന് ചോദിച്ചപ്പോൾ, താൻ പിടിക്കപ്പെടുമെന്നും തന്റെ പദ്ധതി പുറത്തുവരുമെന്നും ഭയന്നാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പണം കിട്ടിയാലുടൻ കുട്ടിയെ അവളുടെ വീട്ടിലേക്ക് തിരിച്ചയക്കുമായിരുന്നുവെന്ന് അയാൾ പറഞ്ഞതായും ഡി.സി.പി പറഞ്ഞു.

കിഴക്കൻ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നുള്ളയാളാണ് സിങ്. കൊലപാതകത്തിന് ശേഷം ഇയാളെ കാണാതായിരുന്നു. എത്രയും വേഗം അറസ്റ്റ് ഉറപ്പാക്കാൻ ഒന്നിലധികം പൊലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇയാളുടെ നാട്ടിലേക്കും ബന്ധുക്കൾ ഉള്ള സ്ഥലങ്ങളിലേക്കും പൊലീസ് സംഘങ്ങളെ അയച്ചു.

ഇതിനിടെ പൊലീസിന്റെ നിരീക്ഷണ സംഘം ഗാസിയാബാദിനോട് ചേർന്ന് ഇയാളെ കണ്ടെത്തിയതോടെയാണ് വഴിത്തിരിവായത്. അവിടെ നിന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആദ്യം ഐപിസി 363 (തിരോധാനം) പ്രകാരമാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് 302 (കൊലപാതകം) വകുപ്പ് ചേർത്തതായും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News