ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് നഷ്ടമായത് 58 കോടി രൂപ

അന്വേഷണത്തില്‍ നാല് കിലോ സ്വർണ ബിസ്‌ക്കറ്റും 14 കോടി രൂപയും കണ്ടെടുത്തു

Update: 2023-07-23 03:49 GMT
Advertising

നാഗ്പൂര്‍: നാഗ്പൂര്‍ സ്വദേശിയായ വ്യവസായിക്ക് ഓൺലൈൻ ചൂതാട്ടത്തിലൂടെ 58 കോടി രൂപ നഷ്ടമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് കിലോ സ്വർണ ബിസ്‌ക്കറ്റും 14 കോടി രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സോന്തു നവരതൻ ജെയിൻ എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്. ഗോണ്ടിയ സിറ്റിയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്താന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സോന്തു മുങ്ങി. ഇയാൾ ദുബൈയിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് സംശയിക്കുന്നു.

"വന്‍ലാഭം നേടാന്‍ ഓൺലൈൻ ചൂതാട്ടം ചെയ്യാന്‍ വ്യവസായിയെ സോന്തു ജെയിൻ പ്രേരിപ്പിച്ചു. തുടക്കത്തിൽ മടിച്ചുനിന്ന വ്യവസായി ഒടുവിൽ ജെയിനിന്റെ പ്രേരണയ്ക്ക് വഴങ്ങുകയും ഒരു ഹവാല വ്യാപാരി വഴി 8 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ഓൺലൈൻ ചൂതാട്ട അക്കൗണ്ട് തുറക്കാനുള്ള ലിങ്ക് ജെയിൻ വാട്ട്‌സ്ആപ്പിൽ വ്യവസായിക്ക് നൽകി. നേരത്തെ നല്‍കിയ 8 ലക്ഷം രൂപ അക്കൌണ്ടിലുണ്ടായിരുന്നു. ആ തുക ഉപയോഗിച്ച് ചൂതാട്ടം തുടങ്ങി. ആദ്യം വ്യവസായി ഏകദേശം 5 കോടി നേടി. പിന്നീട് 58 കോടി രൂപ നഷ്ടപ്പെട്ടു. സംശയം തോന്നിയ വ്യവസായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ജെയിൻ നല്‍കിയില്ല"- നാഗ്പൂർ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

വ്യവസായി സൈബർ പൊലീസിൽ പരാതി നൽകി. തുടര്‍ന്നാണ് ജെയിനിന്റെ ഗോണ്ടിയയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. 14 കോടി രൂപയും നാല് കിലോ സ്വർണ ബിസ്‌ക്കറ്റും ഉൾപ്പെടെ നിരവധി തെളിവുകൾ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു.

Summary- A businessman from Nagpur lost staggering 58 crore in online gambling and the investigation led police to a suspected bookie and the recovery of 14 crore cash along with four kg of gold biscuits on Saturday, a top police officer said.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News