മമതയുടെ സ്വകാര്യവസതിയിലേക്ക് അതിക്രമിച്ചു കയറിയ ആൾ അറസ്റ്റിൽ

സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവൻ മറികടന്ന പ്രതി രാത്രി മുഴുവൻ വീട്ടുവളപ്പില്‍ ചെലവഴിക്കുകയും ചെയ്തു

Update: 2022-07-04 03:18 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ. ഞായറാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ   വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഏതാനും മണിക്കൂർ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നെന്ന് കൊൽക്കത്ത പൊലീസ്  അറിയിച്ചു.

34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമത ബാനർജിയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഇയാൾ പുലർച്ചെ ഒരു മണിയോടെ അകത്തേക്ക് കടക്കുകയായിരുന്നു. രാത്രി മുഴുവൻ വീട്ടുമുറ്റത്തെ മൂലയിൽ ഇരുന്ന ഇയാളെ രാവിലെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ ഉടൻ കാളിഘട്ട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിക്ക്  മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പെടെ കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.   അതീവ സുരക്ഷയുള്ള  മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് കാവൽ നിൽക്കുന്ന  ഉദ്യോഗസ്ഥരെ മുഴുവൻ മറികടന്ന് പ്രതി എങ്ങനെ വീട്ടുവളപ്പിലേക്ക് കയറിയെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സുരക്ഷവീഴ്ചയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News