ആയുധങ്ങളുമായെത്തി മമതാ ബാനര്‍ജിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കാറില്‍ ആയുധങ്ങളുമായെത്തിയ ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളിഘട്ടിലെ വസതിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ആയുധങ്ങളുമായെത്തിയ ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് .
ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ മമതയുടെ വീട്ടിലാണ് ഷെയ്ഖ് നൂര്‍ ആലം എന്ന യുവാവ് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. പൊലീസ് സ്റ്റിക്കര്‍ പതിച്ച കാറോടിച്ചാണ് ഇയാളെത്തിയത്. കറുത്ത കോട്ടും ടൈയും ധരിച്ചാണ് ആലം എത്തിയതെന്നും അറസ്റ്റ് ചെയ്തതായും കൊൽക്കത്ത കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മമത വീട്ടിലുണ്ടായിരുന്നു. ''ആയുധങ്ങൾ, ഒരു ഖുക്രി, കഞ്ചാവ്, ബിഎസ്എഫ് തുടങ്ങിയ വിവിധ ഏജൻസികളുടെ നിരവധി ഐഡന്‍റിറ്റി കാർഡുകൾ ഇയാളുടെ കയ്യിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണുക എന്നതായിരുന്നു ലക്ഷ്യം. ഇതൊരു ഗൗരവകരമായ വിഷയമാണ്. യുവാവിന്‍റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും'' ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആലമിന്‍റെ സംസാരത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. മമത കാളിഘട്ടിലെ വസതിയിൽ നിന്ന് നഗരത്തിന്‍റെ മധ്യഭാഗത്തുള്ള രക്തസാക്ഷി ദിന റാലിയില്‍ പങ്കെടുക്കാനായി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം.