സഞ്ജയ് റാവത്തിനെതിരെ വധഭീഷണി മുഴക്കിയ 23കാരൻ അറസ്റ്റിൽ; പ്രതി മദ്യപിച്ചിരുന്നതായി പൊലീസ്
എം.പിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ വാട്ട്സ്ആപ്പിൽ അസഭ്യ-അധിക്ഷേപ സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു.
മുംബൈ: ശിവസേന- ഉദ്ധവ് ബാലാസാഹെബ് താക്കറെ വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്തിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ജൽന സ്വദേശിയായ രാഹുൽ തലേക്കർ ആണ് അറസ്റ്റിലായത്. എന്നാൽ, പൂനെയിൽ ഹോട്ടൽ നടത്തുന്ന ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും ഭീഷണി സന്ദേശമയച്ചപ്പോൾ മദ്യപിച്ചിരുന്നതായുമാണ് പൊലീസ് വാദം.
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ പോലെ നിങ്ങളേയും ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നേരത്തെ അവകാശപ്പെട്ടിരുന്നു. എങ്കിലും വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
ഭീഷണി സംബന്ധിച്ച് റാവത്തിന്റെ സഹോദരനും എംഎൽഎയുമായ സുനിൽ റൗട്ടാണ് കഞ്ജൂർമാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം മുംബൈ, പൂനെ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് വെള്ളിയാഴ്ച രാത്രി ഖരാഡി പ്രദേശത്ത് നിന്ന് രാഹുൽ തലേക്കറെ പിടികൂടിയത്.
സന്ദേശത്തിൽ സഞ്ജയ് റാവത്തിനെ 'ഹിന്ദു വിരോധി'യെന്ന് വിശേഷിപ്പിച്ച പ്രതി, 'ഡൽഹിയിൽ വച്ച് എ.കെ 47 കൊണ്ട് നിങ്ങളെ നേരിടും. മൂസെവാലയെ പോലെ'- എന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. എം.പിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ വാട്ട്സ്ആപ്പിൽ അസഭ്യ-അധിക്ഷേപ സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു.
അതേസമയം, സഞ്ജയ് റാവത്ത് ഒരു നിയമനിർമാതാവാണെന്നും അദ്ദേഹത്തിനെതിരായ ഇത്തരമൊരു ഭീഷണി ഗുരുതരമായ വിഷയമാണെന്നും കേന്ദ്രവും മഹാരാഷ്ട്ര സർക്കാരും ഇത് തിരിച്ചറിയണമെന്നും നടപടി സ്വീകരിക്കണമെന്നും എൻസിപി എം.പി സുപ്രിയ സുലെ പറഞ്ഞു.
2022 മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ സിദ്ദു മൂസെവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിങ് സിദ്ധുവിനെ വെടിവച്ചു കൊന്നത്. തുടർന്ന് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിക്കെതിരെ പൊലീസ് കേസെടുത്തു. ബിഷ്‌ണോയ് സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ദിവസങ്ങൾക്കു ശേഷം, ലോറൻസിന്റെ സംഘം ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവിനും ഭീഷണി സന്ദേശമയച്ചു. മൂസെവാലയുടെ ഗതി വരും എന്നായിരുന്നു അദ്ദേഹത്തിനെതിരെയും ഉണ്ടായ ഭീഷണി.