28 കോടി രൂപയുടെ ആഡംബര വാച്ചുകൾ കടത്താൻ ശ്രമിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ചിരിക്കുന്ന വാച്ചിൽ 76 വജ്രക്കല്ലുകളും പതിച്ചിട്ടുണ്ട്
ന്യൂഡൽഹി : കോടികള്‍ വില മതിക്കുന്ന ആഡംബര വാച്ചുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 27.09 കോടി മൂല്യം വരുന്ന ഏഴ് ആഡംബര വാച്ചുകളാണ് വ്യാഴാഴ്ച പിടിച്ചെടുത്തത്. 76 വജ്രക്കല്ലുകൾ പതിച്ച വാച്ച് 18 കാരറ്റ് സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കസ്റ്റമൈസ് ചെയ്തതാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഡൽഹിയിലെ ഉപഭോക്താവിന് ഡെലിവറി ചെയ്യുന്നതിനായി കൊണ്ടുപോയ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ഗുജറാത്ത് സ്വദേശിക്ക് കൈമാറേണ്ടതായിരുന്നു ഇവ. എന്നാൽ അയാള്‍ സ്ഥലത്ത് എത്താത്തതിനാൽ കൈമാറ്റം നടന്നില്ല. പ്രതി ഇതുവരെ ഉപഭോക്താവിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയും അമ്മാവനും ദുബൈയിൽ വിലകൂടിയ വാച്ചുകളുടെ ചില്ലറ വിൽപന നടത്തുന്നവരാണ്.
അമേരിക്കൻ വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കോ. കമ്പനിയുടെ വാച്ചും കടത്താൻ ശ്രമിച്ചവയിലുണ്ട്. ഈ വാച്ചുകൾക്ക് പുറമെ വജ്രം പതിച്ച സ്വർണ ബ്രേസ്‌ലെറ്റ്, ഐഫോൺ 14 പ്രോ 256 ജിബി എന്നിവയും യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏകദേശം 60 കിലോ സ്വര്‍ണം പിടിച്ചെടുത്തതിനു തുല്യമാണ് വാച്ചുവേട്ടയെന്ന് ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണൽ (ഐജിഐ) വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണർ സുബൈർ റിയാസ് കാമിലി പറഞ്ഞു.