മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; 37കാരിയുടെ പരാതിയില്‍ കേസെടുത്തു

മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ഇന്നലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്

Update: 2023-08-10 05:30 GMT
Advertising

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തു. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ഇന്നലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 37കാരിയാണ് പരാതി നല്‍കിയത്.

ചുരാചന്ദ്പൂരിലാണ് സംഭവം. ആറ് കുകി യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ബിഷ്ണുപൂരിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ കുകി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച് കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ ദൃശ്യം പുറത്തുവന്നതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞു പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് മെയ്തെയ് - കുകി സംഘര്‍ഷം തുടങ്ങിയ ദിവസം താന്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയുമായി ഒരു സ്ത്രീ കൂടി രംഗത്തുവന്നത്.

മണിപ്പൂരിൽ കലാപം ആരംഭിച്ച് നൂറാം ദിവസത്തിലേക്ക് എത്തുമ്പോഴും ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവില്ല. കുകി - മെയ്തെയ് സംഘർഷത്തിൽ 160ൽ അധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മെയ് മൂന്നാം തിയ്യതിയാണ് മണിപ്പൂരിന്റെ സമാധാനവും ശാന്തിയും തകർത്ത് സംഘർഷങ്ങൾ ആരംഭിച്ചത്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ഉത്തരവാണ് സംഘർഷത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അമ്പതിനായിരത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.

മാസങ്ങൾ പിന്നിടുമ്പോഴും സംഘർഷം നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കായിട്ടില്ല. മണിപ്പൂരിൽ ഭരണ സംവിധാനവും ക്രമസമാധാനവും തകർന്നെന്ന് സുപ്രിംകോടതി വിലയിരുത്തി. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തി. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News