ചാണകം കൊണ്ട് കോവിഡ് ഭേദമാകില്ലെന്ന ഫേസ്ബുക്ക് കുറിപ്പ്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മാധ്യമപ്രവർത്തകൻ ജയിൽമോചിതനായി
'ദ ഫ്രണ്ടിയർ മണിപ്പൂർ' എന്ന വെബ്‌പോർട്ടലിൽ പ്രവർത്തിക്കുന്ന കിഷോർചന്ദ്ര വാങ്കെമാണ് മണിപ്പൂർ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍മോചിതനായത്
ഗോമൂത്രവും ചാണകവും കോവിഡ് ഭേദമാക്കില്ലെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട മണിപ്പൂർ മാധ്യമപ്രവർത്തകൻ മോചിതനായി. ദ ഫ്രണ്ടിയർ മണിപ്പൂർ എന്ന വെബ്‌പോർട്ടലിൽ പ്രവർത്തിക്കുന്ന കിഷോർചന്ദ്ര വാങ്കെമിനെയാണ് മണിപ്പൂർ കോടതിയുടെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ചത്.
കഴിഞ്ഞ മെയ് 13നാണ് കിഷോർചന്ദ്രയെ സാമൂഹിക പ്രവർത്തകനായ എറെൻഡ്രോ ലിച്ചോമ്പത്തിനൊപ്പം ഫേസ്ബുക്ക് കുറിപ്പുകൾ ചൂണ്ടിക്കാട്ടി മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ ബിജെപി വൈസ് പ്രസിഡന്റ് ഉഷം ദേബൻ, ജനറൽ സെക്രട്ടറി പി പ്രേമാനന്ദ മീട്ടൈ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവർക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം(എൻഎസ്എ) കേസെടുത്തത്. മണിപ്പൂർ ബിജെപി പ്രസിഡന്റ് എസ് തികേന്ദ്ര സിങ് കോവിഡ് ബാധിച്ചു മരിച്ചതിനു പിറകെയായിരുന്നു ഇരുവരുടെയും ഫേസ്ബുക്ക് കുറിപ്പ്.
ഇന്ന് കിഷോർചന്ദ്രയുടെ ഭാര്യ രഞ്ജിത സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു മണിപ്പൂർ ഹൈക്കോടതി. ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, ജസ്റ്റിസ് കെഎച്ച് നോബിൻ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് കിഷോറിനെ മോചിപ്പിക്കാൻ ഉത്തരവിട്ടു. അന്യായ തടവിൽ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്.
കേസിൽ എറെൻഡ്രോയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഭരണഘടനയിലെ 21-ാം വകുപ്പു പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ 19ന് എറെൻഡ്രോ പുറത്തിറങ്ങുകയും ചെയ്തിരുന്നു.