മണിപ്പൂർ സംഘർഷം: പുനരധിവാസം തുടങ്ങി
സംഘർഷത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിർമിച്ചു നൽകുന്നത്.
ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിന്‍റെ ഇരകളെ സർക്കാർ പുനരധിവസിപ്പിച്ചു തുടങ്ങി. സംഘർഷത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിർമിച്ചു നൽകുന്നത്. അരലക്ഷത്തിലധികം ആളുകളാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലുമാണ് മൂന്നു മാസമായി അരലക്ഷത്തിലധികം പേർ അന്തിയുറങ്ങുന്നത്. ഇവരിൽ ചിലർക്കാണ് സ്വാതന്ത്ര്യ ദിനമായ ഇന്നലെ പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നൽകിയത്. ബാക്കിയുള്ളവരെ കൂടി ഉടൻ വീടുകളിലേക്ക് മാറ്റും. സംഘർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട ശേഷമാണു സർക്കാർ പുനരധിവാസിപ്പിക്കൽ ആരംഭിച്ചിരിക്കുന്നത്. ജൂൺ 26 മുതൽ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലാണ് വീടുകളുടെ നിർമാണം ആരംഭിച്ചതെന്ന് പദ്ധതി നടപ്പിലാക്കുന്ന മണിപ്പൂർ പൊലീസ് ഹൗസിംഗ് കോർപറേഷൻ ലിമിറ്റഡ് സൂപ്രണ്ടിങ് എഞ്ചിനീയർ പി ബ്രോജേന്ദ്രോ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സംരംഭം എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിർമിക്കുന്ന 200 വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഓരോ വീടിനും രണ്ട് മുറികൾ, അടുക്കള, ടോയ്‌ലറ്റ് എന്നിവ ഉണ്ടായിരിക്കും. ഈ മാസം 20ന് മുമ്പ് 200 വീടുകളുടെ നിർമാണം പൂർത്തിയാക്കും. കുകി-മെയ്തെയ് അതിർത്തികളിലാണ് സംഘർഷം ഏറെയും നടന്നത്. ഇംഫാൽ നഗരം ഉൾപ്പെടെ ഒരു വിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും. സ്വന്തം വീടുകൾ സ്ഥിതി ചെയ്യുന്നിടത്തേക്ക് ഇവരുടെ മടക്കം അസാധ്യമാണ്. ഇംഫാലിൽ സ്ഥലം വാങ്ങി വീടുവച്ചിരുന്ന കുകി ഉദ്യോഗസ്ഥരും സ്ഥലം വിറ്റൊഴിക്കുകയാണ്.