മണിപ്പൂര്‍ സംഘര്‍ഷം; ബി.ജെ.പി എം.എല്‍.എയെ ജനക്കൂട്ടം ആക്രമിച്ചു
വാൽട്ടെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (RIMS) ചികിത്സയിലാണ്
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അതിനിടെ ബിജെപി എം.എൽ.എ വുങ്‌സാഗിൻ വാൽട്ടെയെ ആൾക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് എം.എൽ.എക്ക് നേരെ ആക്രമണം ഉണ്ടായത്. വാൽട്ടെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (RIMS) ചികിത്സയിലാണ്.
ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എം.എൽ.എയായ വാൽട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.എം.എൽ.എയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്‍റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു.കുക്കി സമുദായത്തിൽ നിന്നുള്ളയാളാണ് വാൽട്ടെ. കഴിഞ്ഞ ബിജെപി സർക്കാരിൽ മണിപ്പൂരിലെ ട്രൈബൽ അഫയേഴ്സ് & ഹിൽസ് മന്ത്രിയായിരുന്നു.
ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെയ്തേയ് സമുദായവും തമ്മിൽ സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് മണിപ്പൂരിൽ ക്രമസമാധാന നില വഷളായത്. അതേസമയം മണിപ്പൂരിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് സൈന്യം അറിയിച്ചു.. വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ് . മണിപ്പൂർ വഴിയുള്ള ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി.സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10,000 പിന്നിട്ടു .