ശാന്തമാകാതെ മണിപ്പൂര്‍; ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് മെയ്തെയ് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ അക്രമികള്‍ തീയിട്ടത്

Update: 2024-06-15 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇംഫാല്‍: കലാപ ഭൂമിയായ മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല. ജൂണ്‍ 6ന് തുടങ്ങിയ സംഘര്‍ഷം ഒരാഴ്ച കഴിഞ്ഞിട്ടും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജിരിബാമില്‍ ഉപേക്ഷിക്കപ്പെട്ട രണ്ട് മെയ്തെയ് വീടുകള്‍ ആള്‍ക്കൂട്ടം കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടത്.

അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ജിരിബാം ജില്ലയിൽ അധിക സുരക്ഷാ സേനയെ വിന്യസിച്ചിട്ടും ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെ ബോറോബെക്ര പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഭൂതാങ്ഖലിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അസമിനോട് ചേർന്നുള്ള ജിരിബാം ജില്ല മണിപ്പൂരിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. ജൂൺ 6 ന് കാണാതായ ഒരാളുടെ തലയറുത്ത മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന് ജില്ലയിലെ വാണിജ്യ പ്രവർത്തനങ്ങൾ നിലച്ചു. ഇത് വീണ്ടും വടക്ക് കിഴക്കന്‍ സംസ്ഥാനത്തില്‍ അക്രമത്തിന് കാരണമായി.

ഇരു സമുദായങ്ങളിലുമുള്ള 70-ലധികം വീടുകൾ ഇതുവരെ കത്തിനശിച്ചു. ആയിരത്തിലധികം ആളുകൾ അയൽ സംസ്ഥാനമായ അസമിലും ജിരിബാം പ്രദേശത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി.കൂടുതൽ അനാവശ്യ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് അറിയിച്ചു.അക്രമങ്ങൾ തടയുന്നതിനായി മണിപ്പൂർ പോലീസും കേന്ദ്ര സേനയും ഉൾപ്പെടെയുള്ള അധിക സുരക്ഷാ സേന ദുർബല പ്രദേശങ്ങൾ നിരീക്ഷിച്ചുവരികയാണ്.

അതേസമയം, ജിരിബാമിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൾ ജിരിബാം മുസ്‍ലിം വെൽഫെയർ സൊസൈറ്റി (എജെഎംഡബ്ല്യുഎസ്) ജില്ലയില്‍ വലിയ പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ജിരിബാമിലെ സോനാപൂരിൽ ചേർന്ന സൊസൈറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് എജെഎംഡബ്ല്യുഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.അനുശോചനം രേഖപ്പെടുത്തുന്നതിനായി കൂട്ടത്തോടെയുള്ള പ്രാർത്ഥനകൾ നിയന്ത്രിച്ച് പ്രദേശത്തെ അതത് മസ്ജിദുകളിൽ പെരുന്നാള്‍ നമസ്കാരം നടത്തുമെന്ന് എജെഎംഡബ്ല്യുഎസ് അറിയിച്ചു.

മണിപ്പൂരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനും അക്രമത്തിൽ മരിച്ചയാളുടെ ആത്മാവിന് നിത്യശാന്തിക്കുമായി ഈദ് ദിനത്തിൽ പ്രത്യേക പ്രാർത്ഥന നടത്താനും എജെഎംഡബ്ല്യുഎസ് തീരുമാനിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News