മണിപ്പൂര്‍ കലാപം: സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നൽകിയത്

Update: 2024-12-09 14:07 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: മണിപ്പൂര്‍ കലാപത്തിൽ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രിംകോടതി. വംശീയ കലാപത്തിനിടെ കത്തിച്ചതും കൊള്ളയടിച്ചതുമായ സ്വത്തുക്കളുടെ വിവരങ്ങൾ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നൽകിയത്.

സമീപകാലത്തുണ്ടായ കലാപത്തില്‍ കത്തിച്ചതോ കൊള്ളയടിച്ചതോ കൈയേറിയതോ ആയ സ്വത്തുക്കളുടെ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ പ്രതികള്‍ക്കെതിരെയും അതിക്രമിച്ചു കടന്നവർക്കെതിരെയും നിയമപ്രകാരം നടപടിയെടുത്തു എന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.

മണിപ്പൂർ സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം ന‍ൽകുമെന്ന് മേത്ത പറഞ്ഞു. നേരത്തെ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി, കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 34ൽ അധികം റിപ്പോർട്ടുകൾ സമിതി തയ്യാറാക്കിയിട്ടുണ്ടെന്ന് അമിക്കസ്ക്യൂറിയായ വിഭ മഖിജ പറഞ്ഞു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും നല്‍കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News