'എനിക്ക് ക്ലീന്‍ ചിറ്റ്, ഒന്നും കണ്ടെത്താനായില്ല': സി.ബി.ഐ റെയ്ഡിനെ കുറിച്ച് സിസോദിയ

തന്‍റെ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിസോദിയ

Update: 2022-08-30 09:32 GMT
Advertising

ഡൽഹിയിലെ മദ്യനയ അഴിമതി കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ സി.ബി.ഐ പരിശോധിച്ചു. ഗാസിയാബാദ് സെക്ടർ-4ലെ പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറാണ് സിസോദിയയുടെ സാന്നിധ്യത്തിൽ സി.ബി.ഐ പരിശോധിച്ചത്. തന്‍റെ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിസോദിയ പറഞ്ഞു.

"ലോക്കറിൽ എന്റെ മക്കളുടെയും ഭാര്യയുടെയും 70,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളുണ്ട്. പ്രധാനമന്ത്രി എന്റെ വീട്ടിൽ റെയ്ഡ് നടത്താന്‍ ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്. ലോക്കർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രി ഉത്തരവിട്ട എല്ലാ റെയ്ഡുകളിലും എനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് ലഭിച്ചു"- സിസോദിയ പ്രതികരിച്ചു.

റെയ്ഡിനിടെ സിബിഐ ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയതെന്ന് സിസോദിയ പറഞ്ഞു- "ഒന്നും കണ്ടെത്താനില്ലെന്ന് അവർക്കറിയാം. എന്നാൽ എന്നെ കുറച്ച് മാസത്തേക്ക് ജയിലിലടയ്ക്കാൻ എന്തെങ്കിലും കണ്ടെത്താൻ അവര്‍ക്കുമേല്‍ പ്രധാനമന്ത്രിയുടെ സമ്മർദമുണ്ട്".

ഉപമുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ വൃത്തികെട്ട രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു- "അവർ (കേന്ദ്രം) ഈ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു."

മദ്യനയ കേസിൽ സി.ബി.ഐ സമർപ്പിച്ച എഫ്‌ഐആറിൽ സിസോദിയ ഉള്‍പ്പെടെ 15 പേരുണ്ട്. ലെഫ്റ്റനന്റ് ഗവർണറായിരുന്ന അനിൽ ബൈജാലിന്റെ അനുമതിയില്ലാതെയാണ് പുതിയ നയം കൊണ്ടുവന്നതെന്നാണ് സിബിഐയുടെ വാദം. കൈക്കൂലി വാങ്ങി അനർഹരായ പല കച്ചവടക്കാർക്കും ഡൽഹി സർക്കാർ ലൈസൻസ് നൽകിയെന്നും സിബിഐ ആരോപിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ കൊണ്ടുവന്ന നയം, അഴിമതി ആരോപണത്തെ തുടർന്ന് എട്ട് മാസത്തിന് ശേഷം പിൻവലിച്ചു.

എന്നാല്‍ എ.എ.പി സര്‍ക്കാര്‍ എല്ലാ ആരോപണങ്ങളും തള്ളി. സുതാര്യതയോടെയാണ് മദ്യനയം നടപ്പാക്കിയതെന്ന് അവകാശപ്പെട്ടു. ഡൽഹിയിലെ സർക്കാരിനെ താഴെയിറക്കാന്‍ എംഎൽഎമാർക്ക് ബി.ജെ.പി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും എ.എ.പി ആരോപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News