മനീഷ് സിസോദിയയെ രണ്ട് ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച അദ്ദേഹം ഡൽഹി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ട് ദിവസം കൂടി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്നുമുള്ള സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ചില രേഖകൾ കാണാനില്ലെന്നും അത് കണ്ടെടുക്കണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 10ന് പരിഗണിക്കും.
സി.ബി.ഐ അന്വേഷണം പരാജയമാണെന്ന് സിസോദിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. അനാവശ്യമായാണ് തന്നെ കസ്റ്റഡിയിൽ വെക്കുന്നതെന്നും സിസോദിയ ജാമ്യാപേക്ഷയിൽ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച അദ്ദേഹം ഡൽഹി മന്ത്രിസഭയിൽനിന്ന് രാജിവെച്ചിരുന്നു. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് സിസോദിയ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി.കെ സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചിരുന്നു.