ഛോട്ടാ മോദിയെന്ന് വിളിപ്പേര്, ബിജെപിയുമായി അടുത്ത ബന്ധം; യുപിഎസ്‌സി ചെയർമാനായി മനോജ് സോണി സത്യപ്രതിജ്ഞ ചെയ്‌തു
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരിൽ ഒരാളായിരുന്നു മനോജ് സോണിയെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തിരുന്നു
ഡൽഹി: യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർമാനായി മനോജ് സോണി സത്യപ്രതിജ്ഞ ചെയ്തു. 2017 ജൂൺ 28ന് കമ്മീഷനിൽ അംഗമായ സോണി 2022 ഏപ്രിൽ 5 മുതൽ യുപിഎസ്‌സി ചെയർമാന്റെ ചുമതലകൾ നിർവഹിച്ച് വരികയാണ്. കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗമായ സ്മിത നാഗരാജ് മനോജ് സോണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള എല്ലാ ഗ്രൂപ്പ് 'എ' ഓഫീസർമാരുടെയും റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് യുപിഎസ്‌സി. ന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നിവയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി എല്ലാ വർഷവും യുപിഎസ്സി പരീക്ഷകൾ നടത്തിവരുന്നു. ന്യൂഡൽഹിയിലെ ധോൽപൂർ ഹൗസിലാണ് കമ്മീഷൻ ആസ്ഥാനം പ്രവർത്തിക്കുന്നത്.
ചെയർമാനാണ് കമ്മീഷനെ നയിക്കുക. കമ്മീഷനിൽ പത്ത് അംഗങ്ങൾ വരെയുണ്ടാകും. നിലവിൽ യുപിഎസ്‌സിയിൽ ഇനിയും അഞ്ച് അംഗങ്ങളുടെ ഒഴിവുണ്ട്.
യുപിഎസ്‌സിയിലെ നിയമനത്തിന് മുമ്പ് സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ഓഗസ്റ്റ് 1 മുതൽ 2015 ജൂലൈ 31 വരെ ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (BAOU) വിസി ആയി തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 ഏപ്രിൽ മുതൽ 2008 ഏപ്രിൽ വരെ ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയുടെ വിസി ആയിരുന്നു ഇദ്ദേഹം.
ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്‌ടിച്ച നിയമനമാണ് മനോജ് സോണിയുടേത്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് മനോജ് സോണി. ഐ.എ.എസ് ഉദ്യോഗസ്ഥരോ അക്കാദമിക രംഗത്ത് ഏറെ മികവ് തെളിയിച്ച ആളുകളോ ആണ് സാധാരണ കമ്മീഷൻ തലപ്പത്ത് വരാറുള്ളത്. എന്നാൽ, കാര്യമായ അക്കാദമിക മികവ് പറയാനില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസംഗം എഴുത്തുകാരനായതിന്റെയും ഗുജറാത്ത് കലാപത്തെ വളച്ചൊടിച്ച് പുസ്തകം എഴുതിയതിന്റെയും പ്രവർത്തന, പരിചയ സമ്പത്താണ് മനോജ് സോണിക്ക് പറയാനുള്ളതെന്നായിരുന്നു വിമർശനങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരിൽ ഒരാളായിരുന്നു മനോജ് സോണിയെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയാണ് മോദിയുമായി അദ്ദേഹത്തിന് കൂടുതൽ അടുപ്പമുണ്ടാകുന്നത്. ഈ അടുപ്പത്തിൽനിന്ന് മോദിയുടെ സ്വന്തക്കാരനെന്ന നിലയിലേക്ക് ആ ബന്ധം വളർന്നു. ഈ ബന്ധം കാരണം 'ഛോട്ടാ മോദി' എന്നും മനോജ് സോണി മുൻപ് വിളിക്കപ്പെട്ടിരുന്നു.
രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമായി നിൽക്കുന്ന കമ്മീഷനെയും വരുതിയിലാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.ഇത്തരമൊരാളെ യു.പി.എസ്.സി ചെയർമാൻ സ്ഥാനത്ത് നിയമിക്കുന്നതിലൂടെ, പൊതുവെ രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മീഷനിൽ ഇനിമുതൽ നിഷ്പക്ഷമായ നിയമനങ്ങൾ നടക്കില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്രം നൽകുന്നതെന്ന് ഡൽഹി സർവകലാശാലാ പ്രൊഫസറും എഴുത്തുകാരനുമായ അപൂർവാനന്ദ് ആരോപിച്ചിരുന്നു.